കെട്ടിടങ്ങള്‍ പൊളിക്കാനല്ല, ആളുകള്‍ വഞ്ചിതരാകാതിരിക്കാന്‍; വിശദീകരിച്ച് മേജര്‍രവി

കോട്ടയം: കേരളത്തില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക സര്‍ക്കാര്‍ ഹാജരാക്കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വ്യക്തത വരുത്തി മേജര്‍ രവി. കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ വേണ്ടിയല്ല ഇനിയും ആളുകള്‍ വഞ്ചിതരാകാതിരിക്കാന്‍ വേണ്ടിയാണു താന്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നു മേജര്‍ രവി പ്രതികരിച്ചു.

സിആര്‍ഇസഡ് സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കാത്തതിനാലാണ് എന്നെപ്പോലുള്ളവര്‍ക്ക് നഷ്ടം ഉണ്ടായത്. യാതൊരു തെറ്റും ചെയ്യാതെ ഏറെ അനുഭവിക്കേണ്ടി വന്നു. ഉദ്യോഗസ്ഥര്‍ കൃത്യമായി പഠനം നടത്തി വിവരം നല്‍കാതിരുന്നതാണു മരടിലെ പ്രശ്‌നങ്ങളിലേക്കു നയിച്ചത്. ഈ സാഹചര്യത്തില്‍ ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെയും അനധികൃത കയ്യേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു. തീരദേശ നിയമം ലംഘിച്ച കെട്ടിങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കോടതിക്കു നല്‍കുന്നില്ല എന്നു ചൂണ്ടിക്കാട്ടി മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.

Top