പ്രതിഭയുടെ ഭൂരിപക്ഷം 6279, തകർത്തത് അരിതയുടെ ‘പാവം’ പാൽക്കാരി ഇമേജ്

കായംകുളത്തിൻ്റെ ‘പ്രതിഭ’യാവാനുള്ള അരിതാ ബാബുവിൻ്റെ നീക്കമാണ് പ്രബുദ്ധരായ കായംകുളത്തെ ജനതയിപ്പോൾ പൊളിച്ചടുക്കിയിരിക്കുന്നത്. സകല കുത്തക മാധ്യമങ്ങൾക്കും ലഭിച്ച കനത്ത പ്രഹരം കൂടിയാണിത്. കാരണം മാധ്യമങ്ങളെ സംബന്ധിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥി യു പ്രതിഭയെ ഒരു ‘വില്ലത്തിയായി’ കണ്ടാണ് അവഗണിച്ചിരുന്നത്. മാധ്യമങ്ങളുടെ തലോടലുകൾ ഏറ്റുവും കൂടുതൽ ഏറ്റു വാങ്ങിയിരുന്നതും അരിത ബാബു തന്നെയാണ്. പാവം പാൽക്കാരി എന്ന ഇമേജാണ് ഇവിടെ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നത്. അരിതയെ ചേർത്ത് നിർത്തി വോട്ട് ചോദിച്ചിരുന്നത് സാക്ഷാൽ പ്രിയങ്ക ഗാന്ധിയാണെങ്കിൽ ഇടതുപക്ഷ സ്ഥാനാർത്ഥി യു പ്രതിഭയെ ചേർത്ത് നിർത്തിയിരിക്കുന്നത് സാധാരണ ജനങ്ങളാണ്. വ്യാജ പ്രചരണങ്ങൾക്ക് മേൽ ചെങ്കൊടി നേടിയ ആധികാരികമായ വിജയം കൂടിയാണിത്.

6279 വോട്ടുകൾ നേടിയാണ് കായംകുളത്തിൻ്റെ പ്രതിഭയായി വീണ്ടും യു പ്രതിഭ മാറിയിരിക്കുന്നത്. ഒരു സാധാരണ വാർഡ് മെമ്പറിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റും തുടർന്ന് ജില്ലാ പ്രസിഡൻ്റു വരെ പ്രതിഭ ആയതും വളരെ ചെറിയ പ്രായത്തിലാണ്. അവരുടെ ഈ പ്രവർത്തന മികവാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചിരുന്നത്. 2016ൽ പാർട്ടിയുടെ ആ വിശ്വാസം കാത്തു സൂക്ഷിച്ച പ്രതിഭ വീണ്ടും ഒരിക്കൽ കൂടി ചരിത്രം ആവർത്തിച്ചിരിക്കുകയാണ്.വീടുകളിൽ പാൽവിറ്റു ജീവിക്കുന്ന ഒരു പാവം പെൺകുട്ടി എന്ന ഇമേജ് അരിതക്കു നൽകി മണ്ഡലം പിടിച്ചെടുക്കാനാണ് യു.ഡി.എഫ് പ്രവർത്തകർ ശ്രമിച്ചിരുന്നത്.

ഇതിനായാണ് പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി പ്രചരണവും കൊഴുപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിലും അരിത ബാബുവിൻ്റെ ‘ദാരിദ്ര്യം’ വിറ്റ് വോട്ടാക്കി മാറ്റാനാണ് കോൺഗ്രസ്സ് ശ്രമിച്ചിരുന്നത്. ഇതിനു വേണ്ടി നടന്നതാകട്ടെ സംഘടിത പ്രചരണവുമാണ്. എന്നാൽ അരിത ബാബുവിൻ്റെ യഥാർത്ഥ വീടും പശു ഫാമും, മറ്റു ചുറ്റുപാടുകളും പുറത്തു വന്നതോടെ ഈ പ്രചരണം കോൺഗ്രസ്സിനു തന്നെ തിരിച്ചടിയാവുകയാണുണ്ടായത്.അതാണിപ്പോൾ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിലൂടെ വ്യക്തമായിരിക്കുന്നത്.

കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളും, സർക്കാറിൻ്റെ ജനക്ഷേമ പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് പ്രതിഭ പ്രധാനമായും വോട്ട് തേടിയിരുന്നത്. ദുരിതകാലത്ത് “വിശക്കുന്നവരുണ്ടോ എന്നു വിളിച്ചു ചോദിച്ച സർക്കാരണിത് ” എന്ന, പ്രതിഭയുടെ പ്രതികരണം വലിയ രൂപത്തിലാണ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നത്. അരിതാ ബാബുവിനു വേണ്ടി കോൺഗ്രസ്സ് സൈബർ ടീം ഒരുക്കിയ പ്രചരണ തന്ത്രങ്ങളിൽ വിള്ളൽ വീഴ്ത്തിയ പ്രതികരണം കൂടിയായിരുന്നു ഇത്.

ഒരു സ്വർണ്ണാഭരണം പോലും ഉപയോഗിക്കാതെ തികച്ചും സാധാരണക്കാരിയായി തന്നെ ജീവിക്കുന്ന പ്രതിഭയുടെ ജീവിത ചരിത്രം കൂടി പുറത്തു വന്നതോടെ അരിതാ ബാബുവിനു മേൽ പ്രചരണത്തിലും വ്യക്തമായ ആധിപത്യം പുലർത്താൻ പ്രതിഭക്ക് സാധിക്കുകയുണ്ടായി. പാളയത്തിലെ പട പ്രതിഭക്ക് തിരിച്ചടിയാകുമെന്ന കോൺഗ്രസ്സ് കണക്ക് കൂട്ടലുകൾ കൂടിയാണ് കായംകുളത്തിപ്പോൾ തകർന്നടിഞ്ഞിരിക്കുന്നത്. വ്യക്തിയല്ല അതിനേക്കാൾ ഉപരി പ്രസ്ഥാനവും അത് മൂന്നാട്ട് വയ്ക്കുന്ന രാഷ്ട്രീയവുമാണ് വിലയിരുത്തപ്പെടേണ്ടത് എന്ന കമ്യൂണിസ്റ്റ് കാഴ്ചപ്പാടിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.

Top