എയര്‍ ഇന്ത്യയുടെ കൈമാറ്റം വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ കൈമാറ്റം വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ രാജ്യത്തെ പ്രധാന ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കുശിനഗറിലേക്ക് കൂടുതല്‍ ലോക ശ്രദ്ധ പതിയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കുശിനഗര്‍ കൂടാതെ എട്ട് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഉത്തര്‍പ്രദേശില്‍ വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പതിനെട്ടായിരം കോടി രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വിറ്റത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്‌സിന്റെയും ഏക്‌സ്പ്രസിന്റെയും 50 ശതമാനം ഓഹരിയുമാണ് ടാറ്റാ സണ്‍സിന് ലഭിക്കുക. എന്നാല്‍ മുംബൈ നരിമാന്‍ പോയിന്റിലെ ആസ്ഥാന മന്ദിരം ഉള്‍പ്പെടെ ചില സ്വത്തുക്കള്‍ സര്‍ക്കാരിന്റെ കൈയില്‍ തുടരും. ആകെ കടമായ അറുപത്തിയൊന്നായിരം കോടിയില്‍ പതിമൂവായിരം കോടി ടാറ്റ ഏറ്റെടുക്കേണ്ടി വരും.

Top