മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രം 2021ല്‍

2008 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രം അണിയറയില്‍. ‘മേജര്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആദ്‌വി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്. തെലുഗ് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശികിരണ്‍ ടിക്കയാണ്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.

ചിത്രത്തില്‍ ശോഭിത ധൂളിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. മേജറിന്റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന പേരില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. വീഡിയോയില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ച തന്റെ യാത്രയെക്കുറിച്ചാണ് നടന്‍ ആദ്‌വി ശേഷ് പറയുന്നത്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരെയുള്ള കാര്യങ്ങളാണ് ആദ്‌വി ശേഷ് പറയുന്നത്.

‘മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ നവംബര്‍ 27 ന് രക്തസാക്ഷിത്വം വരിച്ചു, അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതം ആഘോഷിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഞങ്ങള്‍ ഇന്ന് ഈ വീഡിയോ പുറത്തിറക്കുന്നത്. ഈ സിനിമ സംസാരിക്കുന്നത് അദ്ദേഹം ജീവിച്ച രീതിയെക്കുറിച്ചാണ്, അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചല്ല’ എന്നും ആദിവി പറഞ്ഞു.

നവംബര്‍ 27നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുംബൈയില്‍ കൊല്ലപ്പെട്ടത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് അദ്ദേഹം. പരുക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്വദേശം. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ചിത്രം 2021ല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനം.

Top