മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു

2008 മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ സിനിമയാകുന്നു. ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. അദിവി ശേഷാണ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്നത്.

‘മേജര്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ശശി കിരണ്‍ ടിക്കയാണ് സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും തെലുങ്കിലും നിര്‍മ്മിക്കുന്ന ചിത്രം 2020ല്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹേഷ്‌ ബാബുവും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോണിയുടെ തെലുങ്കിലെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ‘മേജര്‍ ‘.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരില്‍ ജനിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയ്ക്ക് മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്രം സമ്മാനിച്ചിരുന്നു.

Top