‘മേജര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ചിത്രം ‘മേജര്‍’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത് അദിവി ശേഷാണ്. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ഓഗസ്റ്റിലാണ്. മേജറിന്റെ 70 ശതമാനം ഷൂട്ടിംഗും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സൂചന. ചിത്രം 2021 ലോകവ്യാപകമായി സമ്മര്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. 2008ൽ നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈ ഭീകരാക്രമണത്തിൽ പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിക്കാൻ എന്‍.എസ്.ജി കമാന്‍ഡോയായ സന്ദീപ് ഉണ്ണികൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന വീഡിയോയിൽ അദിവ് പറഞ്ഞിരുന്നു. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജന്മദേശം. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

Top