മേജര്‍ രവിയുടെ വെളിപ്പെടുത്തലും, അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകണം

മേജര്‍ രവിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ അതു കൊണ്ടു മാത്രം അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളും എതിര്‍ക്കാന്‍ കഴിയുകയില്ല. ഇപ്പോള്‍ മേജര്‍ രവി പുറത്ത് വിട്ടത് അതീവ ഗൗരവമുള്ള ഒരു കാര്യമാണ്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിനി വര്‍ഷ നടത്തിയ ഫേസ്ബുക്ക് ലൈവു, തുടര്‍ന്നുണ്ടായ വിവാദങ്ങളും വീണ്ടും അന്വേഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ സന്നദ്ധ പ്രവര്‍ത്തകരായ ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി എന്നിവരെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. അവര്‍ പൊലീസിന് നല്‍കിയ മൊഴികളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച വര്‍ഷയുടെ അമ്മയുടെ ചികിത്സയ്ക്കായി ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷത്തിലധികം രൂപയാണ് സഹായമായി അക്കൗണ്ടില്‍ ലഭിച്ചിരുന്നത്. ഇതിന് വര്‍ഷയെ സഹായിച്ചത് സാജന്‍ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും തന്നെയാണ്. അല്ലായിരുന്നു എങ്കില്‍ ഇത്രയും തുക ഒരിക്കലും അക്കൗണ്ടില്‍ വരില്ലായിരുന്നു. കള്ളപ്പണ ഇടപാട് കണ്ടെത്താന്‍ അന്വേഷണം നടത്തിയ പൊലീസിനും ഇതുവരെ ഒരു തെളിവുകളും ലഭിച്ചിട്ടില്ല. 100 രൂപ മുതല്‍ ലക്ഷം വരെ അനവധി പേര്‍ നല്‍കിയ പണമാണ് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയായി മാറിയിരുന്നത്. എന്നാല്‍ പിന്നീട് ചികിത്സാ ചെലവ് കഴിഞ്ഞുള്ള ബാക്കി തുക ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റാന്‍ സാജന്‍ കേച്ചേരി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് വര്‍ഷ പൊലീസില്‍ പരാതി നല്‍കുകയാണുണ്ടായത്. ഫിറോസ് കുന്നും പറമ്പിലിനെതിരെയും പൊലീസ് കേസെടുക്കുകയുണ്ടായി.

അമ്മയുടെ ചികിത്സയ്ക്ക് ലഭിച്ച അധിക തുക മറ്റ് രോഗികള്‍ക്ക് നല്‍കാമെന്ന് വര്‍ഷ പറഞ്ഞുവെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഫിറോസ് കുന്നംപറമ്പില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നത്. ഇതു സംബന്ധമായ വിവാദമാണിപ്പോള്‍ മേജര്‍ രവിയുടെ വെളിപ്പെടുത്തലോടെ പുതിയ തലത്തില്‍ എത്തിയിരിക്കുന്നത്. സംഭവ സമയത്ത് താന്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞതുപോലെയൊന്നുമല്ല കാര്യങ്ങളെന്നുമാണ് മേജര്‍ രവി വെളിപ്പെടുത്തിയിരിക്കുന്നത്. വര്‍ഷയെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണമാണിത്. അമൃത ഹോസ്പിറ്റലില്‍ ബ്‌ളഡ് ടെസ്റ്റിന് പോയിട്ട് താന്‍ അന്നവിടെ അഡ്മിറ്റ് ആയി കിടക്കുകയായിരുന്നുവെന്നാണ് മേജര്‍ രവി പറയുന്നത്. ആ സമയത്ത് ഈ വീഡിയോ തനിക്ക് ആരോ അയച്ചുതരുകയായിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയിലെ ജഗ്ഗു സ്വാമിക്ക് ഈ വീഡിയോ കൈമാറുകയും ചെയ്തു. ‘ഞാന്‍ ഇതുവരെ അറിഞ്ഞില്ലല്ലോ ‘ എന്നായിരുന്നുവത്രെ ജഗ്ഗുസ്വാമി ഇതിനോട് പ്രതികരിച്ചിരുന്നത്.പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് അത്ര അര്‍ജന്റാന്നുമല്ല ഓപ്പറേഷനെന്നാണ് മേജര്‍ രവി സാക്ഷ്യപ്പെടുത്തുന്നത്.

ഈ വെളിപ്പെടുത്തല്‍, അന്വേഷിക്കേണ്ടതു തന്നെയാണ്. കള്ളം മേജര്‍ രവി പറഞ്ഞാലും വര്‍ഷ പറഞ്ഞാലും അത് പൊതു സമൂഹം അറിയുക തന്നെ വേണം. കാരണം അര്‍ജന്റായി ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ മൂന്നാം ദിവസം തന്റെ അമ്മ മരിച്ചു പോകുമെന്നായിരുന്നു ആ കുട്ടി പോസ്റ്റിട്ടിരുന്നത്. ഇതിനെയാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മേജര്‍ രവിയിപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്. വര്‍ഷയുടെ കുടുംബത്തിനു വേണ്ടി മാത്രമല്ല ജീവനു വേണ്ടി പിടയുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് ജനങ്ങള്‍ സംഭാവന ചെയ്യുന്നത്. വിശ്വാസ്യതയുള്ളവര്‍ വീഡിയോയിലൂടെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സഹായധനത്തിലും വന്‍ വര്‍ധനവുണ്ടാകും. ഇത് ഒരിക്കലും ആരും തന്നെ ദുരപയോഗം ചെയ്യാന്‍ പാടുള്ളതല്ല. അത്തരം ചിന്തകള്‍ തന്നെ തെറ്റാണ്.

ജീവന്റെ വിലയറിയുന്നവന്റെ സഹായത്തെ ദുരുപയോഗം ചെയ്യുന്നത് ആരായാലും അവര്‍ സാംസ്‌കാരിക കേരളത്തിനാണ് അപമാനം. മേജര്‍ രവി പറയുന്നത് ശരിയാണെങ്കില്‍ വര്‍ഷയുടെ ഭാഗത്ത് വലിയ തെറ്റുണ്ട്. അമ്മയുടെ ഓപ്പറേഷനും വീട് വയ്ക്കാനുമുള്ള പണം മാറ്റിവച്ച് ബാക്കി തുക മറ്റുള്ള രോഗികള്‍ക്ക് നല്‍കാതിരുന്നത് തെറ്റ് തന്നെയാണ്. വര്‍ഷയുടെ അമ്മയുടെ അവസ്ഥയേക്കാള്‍ വലിയ ദുരിതാവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ കണ്ണീരും തുടക്കേണ്ടതുണ്ട്. അത് വര്‍ഷയുടെ കൂടി കടമയാണ്. കാരണം ഒന്നുമില്ലാതെ പകച്ച് നിന്നപ്പോഴാണ് വര്‍ഷയുടെ കുടുംബത്തിന് സഹായ ഹസ്തം ലഭിച്ചിരുന്നത്. ആ ‘കരം’ ഇപ്പോള്‍ നിങ്ങള്‍ തട്ടിമാറ്റിയാല്‍ നാളെ വീണ്ടും ഒരാവശ്യം വരുമ്പോള്‍ ഒരാളും കാണുകയില്ല. ഉപദേശകരും ഓടിയൊളിക്കും. ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.

Top