മേജർ രവിയും പയറ്റുന്നത് “രാഷ്ട്രീയം” സിനിമാക്കാർ ‘വഴി’ തെറ്റിക്കുമോ ??

വസരവാദം എന്നത് കാപ്പന്‍ മാത്രമല്ല, സാക്ഷാല്‍ മേജര്‍ രവിയും പിന്തുടരുന്ന രീതി തന്നെയാണ്. അതാണിപ്പോള്‍, ഐശ്വര്യ കേരള യാത്രയിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് തൃപ്പൂണിത്തുറയില്‍ നല്‍കിയ സ്വീകരണ യോഗത്തിലാണ്, ഈ ബി.ജെ.പി സഹയാത്രികനും എത്തപ്പെട്ടിരിക്കുന്നത്. ഇത്തരം ചെപ്പടി വിദ്യകള്‍ മുന്‍പും കേരളം കണ്ടതാണെങ്കിലും ഇത്തവണത്തെ മേജര്‍ രവിയുടെ അരങ്ങേറ്റത്തിനു പിന്നില്‍ വ്യക്തമായ രാഷ്ട്രിയ ലക്ഷ്യങ്ങളുണ്ട്. അതാകട്ടെ പ്രകടവുമാണ്. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംവിധായകനായ മേജര്‍ രവിയും തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. യു.ഡി.എഫ് നേതാക്കളെ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. മേജര്‍ രവി ‘ഖദറണിഞ്ഞതില്‍’ ശരിക്കും ഞെട്ടിയിരിക്കുന്നത് ബി.ജെ.പി നേതൃത്വമാണ്.

മോദിയുടെ കടുത്ത ആരാധകന്‍ കൂടിയായ മേജര്‍ രവി. ഈ മോദി ഭക്തി അവസാനിപ്പിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിട്ടും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവു പോലും നന്ദി പറയാന്‍ വിളിക്കാത്തതാണ് മേജര്‍ രവിയെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ ദേഷ്യം പരസ്യ പ്രസ്താവനയിലൂടെയാണ് മേജര്‍ രവി തീര്‍ത്തിരുന്നത്. കേരളത്തിലെ ബിജെപിയിലെ തൊണ്ണൂറ് ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊളളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കളെയും നയിക്കുന്നതെന്നുമാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.

എന്നാല്‍, മേജര്‍ രവിയുടെ ഈ പ്രസ്താവനയും ആത്മാര്‍ത്ഥതയില്ലാത്തതാണ്. ബി.ജെ.പിയെ ശക്തമായി എതിര്‍ക്കുന്നവര്‍ക്കു പോലും ബോധ്യപ്പെടാത്ത നിലപാടാണിത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് നന്ദി വാക്ക് പ്രതീക്ഷിക്കുന്നത് തന്നെ അല്‍പ്പത്തമാണ്. പണം വാങ്ങി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനു തുല്യമായ നിലപാടാണിത്. ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടിനോട് യോജിച്ചാണ് പ്രചരണത്തിനിറങ്ങിയതെങ്കില്‍ ഒരിക്കലും, മേജര്‍ രവി ഇത്തരമൊരു പ്രതികരണം നടത്തരുതായിരുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം പലതും പ്രതീക്ഷിക്കുന്നുണ്ട്. അത് ബി.ജെ.പിയില്‍ നിന്നും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇപ്പോള്‍ ‘കളം’ മാറ്റിയിരിക്കുന്നത്. അതിന് മറ്റു പല കാരണങ്ങള്‍ കൂടിയുണ്ട്. ഇതെല്ലാം, അധികം താമസിയാതെ തന്നെ പുറത്തു വരികയും ചെയ്യും.

കോണ്‍ഗ്രസ്സിന്റെ കുത്തക മണ്ഡലമായ തൃപ്പൂണിത്തുറ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വരാജിലൂടെയാണ് ഇടതുപക്ഷം പിടിച്ചെടുത്തിരുന്നത്. ഇത്തവണ, ഇതുള്‍പ്പെടെ പിടിച്ചെടുക്കാന്‍ മേജര്‍ രവിയുടെ സഹായമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. മേജര്‍ രവിയെ മത്സരിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രചരണ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. ഭരണം ലഭിച്ചാല്‍, മറ്റു ചില പദവികളിലും വാഗ്ദാനമുണ്ടെന്നാണ് അണിയറ സംസാരം. കോണ്‍ഗ്രസ്സ് വേദിയില്‍ കയറുന്നതിനു മുന്‍പ് സംസ്ഥാനത്തെ ബി ജെ പി നേതാക്കളെയും മേജര്‍ രവി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതും ബോധപൂര്‍വ്വമാണ്. ഐശ്വര്യ കേരള യാത്രയില്‍ ഇടക്കു വച്ച് മേജര്‍ രവിയും മാണി സി കാപ്പനും കയറിയെന്നു കരുതി ഒരിക്കലും അത് യു.ഡി.എഫിന് വലിയ നേട്ടമാവുകയില്ല. കാരണം വ്യക്തികളല്ല പാര്‍ട്ടികളും അവരുടെ നിലപാടുകളുമാണ് ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത്.

സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ പ്രതിപക്ഷത്തിനു വേണ്ടി പരസ്യമായി പ്രചരണത്തിനിറങ്ങിയാല്‍ പോലും ഇവിടെ ഒന്നും സംഭവിക്കുകയില്ല. ഇത് രാഷ്ട്രീയ കേരളമാണ്, സിനിമയും സിനിമാ പ്രവര്‍ത്തകരുമല്ല പച്ചയായ രാഷ്ട്രീയമാണ് ഈ തിരഞ്ഞെടുപ്പിലും ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത്. സിനിമാക്കാരുടെ ചുമലിലേറി വിജയിച്ചു കളയാം എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍, അവര്‍ എന്തായാലും വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലായിരിക്കും. അങ്ങനെ മാത്രമേ വിലയിരുത്താനും കഴിയുകയൊള്ളൂ.

Top