ബിജെപി വിട്ട് മേജര്‍ രവി കോണ്‍ഗ്രസിലേയ്ക്ക്; ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

കൊച്ചി: സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേയ്ക്ക്. ബിജെപിയുമായുളള ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം കോണ്‍ഗ്രസില്‍ എത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. രമേശ് ചെന്നിത്തല തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

‘ഞാനുമായും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായും മേജര്‍ രവി സംസാരിച്ചിട്ടുണ്ട്. ഐശ്വര്യകേരള യാത്ര തൃപ്പൂണിത്തുറയില്‍ എത്തുമ്പോള്‍ യാത്രയുടെ ഭാഗമാകും എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്’ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ബിജെപിയോട് അനുഭാവം പുലര്‍ത്തിയിരുന്ന മേജര്‍ രവി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളേയും നടപടികളേയും പലപ്പോഴും പ്രശംസിച്ചും ന്യായീകരിച്ചും രംഗത്തു വന്നിരുന്നു. എന്നാല്‍ കേരളത്തിലെ ബിജെപി നേതൃത്വത്തോടുള്ള തന്റെ അതൃപ്തി കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാവര്‍ക്കമുള്ളതെന്നും അദ്ദേഹം അടുത്ത് കാലത്ത് തുറന്നടിച്ചിരുന്നു.

Top