മേജര്‍ ലീഗ് സോക്കര്‍ ഫുട്‌ബോളിന്റെ വളര്‍ച്ച ഇല്ലാതാക്കുന്നുവെന്ന് പരാതി

മേജര്‍ ലീഗ് സോക്കര്‍ ഘടനകളില്‍ മാറ്റെ വരുത്തണമെന്ന പരാതിയുമായി അമേരിക്കന്‍ ക്ലബുകള്‍ രംഗത്ത്. അമേരിക്കയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലീഗായ മേജര്‍ ലീഗ് സോക്കര്‍ ഇപ്പോള്‍ റിലഗേഷനും പ്രൊമോഷനും ഇല്ലാത്ത നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ഇത് രാജ്യത്തെ ഫുട്‌ബോളിന്റെ വളര്‍ച്ച താഴോട്ട് പോകാന്‍ കാരണമാകുന്നുവെന്നും, ഫിഫയുടെ നിയമങ്ങള്‍ക്ക് എതിരാണെന്നുമാണ് ക്ലബ്ബുകള്‍ പറയുന്നത്.

എത്ര തോറ്റാലും ക്ലബിന് ഒന്നും സംഭവിക്കില്ല എന്നതു കൊണ്ട് താരങ്ങള്‍ അവരുടെ കഴിവിനൊത്ത് അമേരിക്കയില്‍ കളിക്കുന്നില്ല എന്നും പരാതിയില്‍ പറയുന്നു. പ്രൊമോഷനും റിലഗേഷനും ഇല്ലാത്തത് അമേരിക്കന്‍ ഫുട്‌ബോളിനെ പിറകോട്ട് വലിച്ചു എന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ലോക കപ്പില്‍ യോഗ്യത നേടാന്‍ പോലും അമേരിക്കക്ക് കഴിഞ്ഞിരുന്നില്ല.

ഫിഫയുടെ പ്രത്യേക അനുമതിയില്‍ ആണ് പ്രൊമോഷനും റിലഗേഷനും ഇല്ലാതെ ഒന്നാം ഡിവിഷന്‍ നടത്താന്‍ അമേരിക്കയ്ക്ക് കഴിയുന്നത്. ഇന്ത്യയിലും സമാനമായ രീതിയിലാണ് ഐ എസ് എല്ലും നടക്കുന്നത്. എന്തായാലും ഈ പരാതികള്‍ ഫിഫ കാര്യമായി പരിഗണിച്ചേക്കില്ല. പണം മുടക്കി കൂടുതല്‍ ക്ലബുകള്‍ മേജര്‍ ലീഗ് സോക്കറിന്റെ ഭാഗമാകാന്‍ ഇരിക്കെ പ്രൊമോഷനും റിലഗേഷനും നടത്താന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനും ഒരുങ്ങില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top