അമേരിക്ക – ചൈന യുദ്ധഭീതിയില്‍ നടുങ്ങി ലോക രാഷ്ട്രങ്ങള്‍, സര്‍വ്വനാശം ?

ബീജിങ്: പുതുവര്‍ഷത്തില്‍ ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി അമേരിക്ക, ചൈന യുദ്ധ സാഹചര്യമൊരുങ്ങുന്നു. യുദ്ധത്തിനൊരുങ്ങാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. ദക്ഷിണ ചൈന കടലിടുക്കിലെ ഇടപെടലുകളില്‍ അമേരിക്കയും ചൈനയും തമ്മില്‍ തര്‍ക്കം രൂക്ഷമായി നില്‍ക്കെയാണ് ചൈനയുടെ യുദ്ധ നീക്കം.

പുതുവര്‍ഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ചൈനയുടെ സര്‍വ്വസൈന്യാധിപന്‍കൂടിയായ പ്രസിഡന്റ് ഷി യുദ്ധത്തിനൊരുങ്ങാനുള്ള ആഹ്വാനം നടത്തിയത്. പുതിയകാലത്തെ ശത്രുക്കളെയും ഭീഷണികളെയും നേരിടാന്‍ അടിയന്തിര യുദ്ധത്തിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നും ഷി വ്യക്തമാക്കി. തായ്‌വാന്‍ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നാണ് ചൈനയുടെ വാദം. തായ്‌വാനാകട്ടെ സ്വയംഭരണമാണ് അവകാശപ്പെടുന്നത്. സ്വതന്ത്ര തായ്‌വാന്‍ വാദത്തെ അമേരിക്ക പിന്തുണക്കുന്നുണ്ട്. തായ്‌വാന് അമേരിക്കയാണ് ആയുധങ്ങള്‍ കൈമാറുന്നത്. ദക്ഷിണചൈന കടലില്‍ അമേരിക്കന്‍ നാവികസേനയുടെ നിരീക്ഷണവുമുണ്ട്. രണ്ട് പടക്കപ്പലുകള്‍ അമേരിക്ക ഇവിടേക്ക് അയച്ചിട്ടുണ്ട്. പ്രതിവര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളറിന്റെ വാണിജ്യചരക്കുനീക്കം നടക്കുന്ന ദക്ഷിണ ചൈന കടല്‍ മേഖലയില്‍ വര്‍ഷങ്ങളായി ചൈന അവകാശവാദം ഉന്നയിച്ചു വരികയാണ്. ചൈനക്കു പുറമെ വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ, തായ്‌വാന്‍ എന്നീ രാജ്യങ്ങളും അവകാശവാദങ്ങളുമായി രംഗത്തുണ്ട്.

കിഴക്കന്‍ ചൈനീസ് കടലിലെ ദ്വീപിനെ ചൊല്ലി ജപ്പാനും ചൈനയും തമ്മില്‍ തര്‍ക്കമുണ്ട്. ജപ്പാന്‍കാര്‍ സെന്‍കാകുവെന്നും ചൈനക്കാര്‍ ദിയാവുവെന്നും വിളിക്കുന്ന ദ്വീപസമൂഹത്തെ ചൊല്ലിയാണ് തര്‍ക്കം. ദ്വീപുകള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഈ മേഖലയില്‍ തങ്ങളുടെ വ്യോമപ്രതിരോധം നിലവില്‍ വന്നുവെന്നും ചൈന ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും ദ്വീപ് തങ്ങളുടേതാണെന്നുമാണ് ജപ്പാന്റെ വാദം. തായ്‌വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ അവകാശ വാദം ഉന്നയിക്കുന്ന സ്ഥലങ്ങളും ഉള്‍പ്പെടുന്നതിനാല്‍ ചൈനയുടെ നീക്കത്തിനെതിരെ ഈ രാഷ്ട്രങ്ങളും രംഗത്തെത്തിയിരുന്നു. കിഴക്കന്‍ ചൈനാ കടലിലെ ചെറുദ്വീപുകള്‍ നേരത്തെ തങ്ങള്‍ വാങ്ങിയതാണെന്നാണ് ജപ്പാന്റെ അവകാശവാദം.

ചൈനയ്ക്കു പുറമെ, തായ്‌വാനും ഇതു തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുണ്ട്. ജനവാസമില്ലാത്തതാണെങ്കിലും ദ്വീപിന് സമീപം വലിയ മത്സ്യസമ്പത്തും വാതക നിക്ഷേപവുമുണ്ട്. ചൈനയുടെ വിലക്ക് ലംഘിച്ച് അമേരിക്കയുടെ രണ്ട് ബി 52 വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തിയതും ചൈനയെ ചൊടിപ്പിച്ചിരുന്നു. തങ്ങളുടെ സൗഹൃദരാഷ്ട്രമായ ജപ്പാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അമേരിക്ക മുന്നിട്ടിറക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പും നല്‍കിയിരുന്നു.

ദക്ഷിണ ചൈന കടലില്‍ ചൈനക്ക് ചരിത്രപരമായ ഒരു അവകാശവും അധികാരവുമില്ലെന്ന് നേരത്തെ അന്താരാഷ്ട്ര ട്രിബ്യൂണല്‍ വിധിച്ചിരുന്നു. എന്നാല്‍ ചൈന വിധി തള്ളിക്കളയുകയായിരുന്നു. ചൈനയെ ലക്ഷ്യമിട്ട് ദക്ഷിണകൊറിയയില്‍ ആധുനിക മിസൈല്‍വേധ സംവിധാനവും അമേരിക്ക സജ്ജീകരിച്ചിട്ടുണ്ട്. ഉത്തരകൊറിയയുമായുള്ള സംഘര്‍ഷ സാധ്യതകണക്കിലെടുത്ത് ദക്ഷിണകൊറിയയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം തങ്ങള്‍ക്കെതിരായ ഭീഷണിയായാണ് ചൈന കാണുന്നത്.

എല്ലാ ബോംബുകളെയുടെയും മാതാവെന്ന അമേരിക്കയുടെ എം.ഒ.എബി എന്ന ബോംബിനുപകരം മദര്‍ ഓഫ് ആല്‍ ബോംബ്‌സ് എന്ന പേരില്‍ അതീവപ്രഹരശേഷിയുള്ള ആണവേതരബോംബ് ചൈനയും വികസിപ്പിച്ചിരുന്നു. ഈ പ്രഖ്യാപനവും അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശുമായി ബന്ധപ്പെട്ട് ഇന്ത്യയുമായും ചൈനക്ക് അതിര്‍ത്തിതര്‍ക്കമുണ്ട്. ഇന്ത്യയുമായി അടുത്തബന്ധമാണ് അമേരിക്കക്കുള്ളത്. തായ്‌വാനെ സ്വതന്ത്രരാജ്യമായി ഇന്ത്യ അംഗീകരിക്കുന്നുണ്ട്. തായ്‌വാനില്‍ ഇന്ത്യക്ക് എം.ബസിയുമുണ്ട്.

Top