Major changes in procurement policy, says Defence Minister Manohar Parrikar

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ മേഖലയിലേക്കുള്ള ആയുധങ്ങള്‍ വാങ്ങുന്ന നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി പ്രതിരോധ മന്ത്രാലയം. രാജ്യാന്തര തലത്തില്‍ അന്വേഷിച്ചു മികച്ചവയില്‍ ഏറ്റവും വില കുറഞ്ഞ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്ന പ്രതിരോധ നയത്തിലാണ് മാറ്റം കൊണ്ടുവരാനൊരുങ്ങുന്നത്.

സ്വകാര്യ മേഖലയിലെ തന്ത്രപ്രധാന പങ്കാളികളെ കണ്ടെത്തി ഇന്ത്യന്‍ നിര്‍മിത ആയുധ സംവിധാനം കൊണ്ടുവരാനാണ് നോക്കുന്നതെന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ നീക്കം.

ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത്, വികസിപ്പിച്ചു നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും ഇനി മുതല്‍ മുന്‍ഗണന. വിവാദമായ എല്‍ 1 മോഡല്‍ (ഏറ്റവും കുറഞ്ഞ വില ബിഡ് ചെയ്യുന്നയാള്‍ക്കു കരാര്‍ നല്‍കുന്ന നയം) പരിഷ്‌കരിച്ച് അധിക പ്രകടനത്തിന് 10% വെയിറ്റേജ് നല്‍കും. പ്രത്യേകതയുള്ള പ്രകടനമാണ് ഒരു സംവിധാനം കാഴ്ചവയ്ക്കുന്നതെങ്കില്‍ വില എത്ര ഉയര്‍ന്നതാണെങ്കിലും അതിന് അധിക വെയ്‌റ്റേജ് നല്‍കും.

രണ്ടുമാസത്തിനുള്ളില്‍ നയം സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും. നയംമാറ്റത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരവും തേടാനുണ്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ധാരണയായ റഫേല്‍ യുദ്ധവിമാന വാങ്ങല്‍ കരാറില്‍ അന്തിമ തീരുമാനത്തിലേക്ക് ഇന്ത്യ അടുക്കുകയാണെന്നും പരീക്കര്‍ അറിയിച്ചു. വില, വില്‍പ്പനയിലെ മറ്റ് നിബന്ധനകള്‍ തുടങ്ങിയവയില്‍ ചര്‍ച്ച നടക്കുകയായിരുന്നു.

റിപ്പബ്ലിക് ദിന ചടങ്ങില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വെ ഒലോന്‍ദ് ഇന്ത്യയിലെത്തുമ്പോള്‍ കരാര്‍ യാഥാര്‍ഥ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ആദ്യം 126 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാറായിരുന്നത്. വില, വിമാനം ഇവിടെ കൊണ്ടുവന്ന് അംസംബിള്‍ ചെയ്യുന്നത് തുടങ്ങിയവയില്‍ തര്‍ക്കം ഉടലെടുത്തതിലെ തുടര്‍ന്ന് 36 വിമാനങ്ങള്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

Top