ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റം അനിവാര്യം :കൃഷ്‌ണമാചാരി ശ്രീകാന്ത്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സുപ്രധാന മാറ്റം അനിവാര്യമെന്ന് മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ഷര്‍ദ്ദുല്‍ താക്കൂറിനെ പുറത്തിരുത്തുകയും വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ തുടര്‍ന്നും കളിപ്പിക്കണം എന്നാണ് കെ ശ്രീകാന്തിന്റെ ആവശ്യം. കേപ്ടൗണിലെ ന്യൂലന്‍ഡ്സില്‍ ജനുവരി മൂന്നാം തിയതിയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.

സെഞ്ചൂറിയനിലെ സൂപ്പര്‍‌സ്പോര്‍ട് പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയമായി തോറ്റപ്പോള്‍ 19 ഓവര്‍ പന്തെറിഞ്ഞ ഷര്‍ദ്ദുല്‍ താക്കൂര്‍ 101 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മോശം ഇക്കോണമി ഷര്‍ദ്ദുലിനായിരുന്നു. അതേസമയം ഏറ്റവും മികച്ച ഇക്കോണമി 19 ഓവറില്‍ 41 റണ്‍സിന് ഒരു വിക്കറ്റ് സ്വന്തമാക്കിയ അശ്വിന്‍ പേരിലാക്കി. ബാറ്റിംഗില്‍ ഇരുവര്‍ക്കും വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. ആദ്യ ഇന്നിംഗ്‌സില്‍ താക്കൂര്‍ 24 റണ്‍സ് നേടിയിരുന്നു.

Top