ദേശീയ മാധ്യമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യമെന്ന വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണെന്ന് മന്ത്രി

തൃശൂര്‍ : ദേശീയ മുഖ്യധാര മാധ്യമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യമെന്ന വിഷയത്തില്‍ കുറ്റകരമായ നിശബ്ദത പാലിക്കുകയാണെന്നും ഇത് വെടിയണമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍. ഭരണകൂട സംവിധാനങ്ങള്‍ക്ക് കീഴ്പെട്ടത് കൊണ്ടാണ് കശ്മീരിലെ പ്രത്യക്ഷ പ്രതിസന്ധിയില്‍ പോലും ഇന്ത്യയിലെ വലിയ വിഭാഗം മാധ്യമങ്ങള്‍ നിശ്ബദരായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചട്ടുകങ്ങളായി മാറിയിരിക്കുകയാണ് ഭൂരിഭാഗം മുഖ്യധാര മാധ്യമങ്ങളെന്നും മാധ്യമ സ്വാതന്ത്ര്യം നിരന്തര വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് കശ്മീരിലെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിച്ചത് ഇതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്ര്യമെന്നത് പൊതുജനങ്ങളുടെ ആവശ്യമായി മാറിയ സ്ഥിതിയാണിപ്പോഴുളളതെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മാധ്യമ സ്വാതന്ത്ര്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി എസ് സുനില്‍കുമാര്‍.

Top