മറക്കരുത് ‘തെരഞ്ഞെടു’പ്പാണ് . . . തീരുമാനിക്കേണ്ടത് ജനങ്ങളാണ്

Narendra Modi

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാതി വോട്ടും, കാവിരാഷ്ട്രീയവുമൊക്കെ നിര്‍ണ്ണായക ഘടകങ്ങളാകുന്നത് ഒരുപക്ഷെ ഇന്ത്യയില്‍ മാത്രമായിരിക്കും. പാരവെച്ചും പക്ഷം പിടിച്ചും, മറുകണ്ടം ചാടിയുമൊക്കെ ജനനേതാക്കള്‍ ഇപ്പോള്‍ തന്നെ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

അങ്ങ് കേന്ദ്രത്തിലാകട്ടെ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലുമാണ്. ആരെ ഇറക്കി കളിച്ചാലും തങ്ങള്‍ക്ക് തന്നെയാണ് അന്തിമ വിജയം എന്ന നിലപാടിലാണ് ബിജെപി നേതൃത്വം. അത് എന്തുമാകട്ടെ , ആരെ അധികാരത്തില്‍ കയറ്റണമെന്ന് താരുമാനിക്കാനുള്ള അവകാശം ഈ രാജ്യത്തെ ഓരോ ജനങ്ങള്‍ക്കുമാണ്. അതുകൊണ്ട് തന്നെ പറയാനുള്ളതും ജനങ്ങളോടാണ്. തെരഞ്ഞെടുപ്പാണ് അത് മറക്കരുത്….

കാവി രാഷ്ട്രീയം തലക്ക് പിടിച്ച് ഗോമാതാവിന്റെ പേരില്‍ അവര്‍ തല്ലിക്കൊന്ന നമ്മുടെ അഖ്ലാഖിനെ,? ജുനൈദിനെ,? പേരില്ലാത്ത അനേകം മുസ്ലീം, ദളിത് സഹോദരങ്ങളെ… രാജ്യത്തെ ഭരണകൂടത്തിന് നാണക്കേടായി കിലോമീറ്ററുകളോളം നഗ്‌നപാദരായി നമ്മുടെ കര്‍ഷകര്‍ നടത്തിയ ജീവിത സമരത്തെ… പാല്‍ റോഡില്‍ ഒഴുക്കിക്കളഞ്ഞും പച്ചക്കറികള്‍ റോഡില്‍ വലിച്ചെറിഞ്ഞും കത്തിച്ചും ചങ്കുപൊട്ടി മരിച്ച നമ്മുടെ കര്‍ഷകരെ… നിലപാടുകളുടെ പേരില്‍ പിടഞ്ഞുമരിച്ച നരേന്ദ്ര ദബോല്‍ക്കറിനെ, പന്‍സാരെയെ,? കല്‍ബുര്‍ഗിയെ,? ഗൗരി ലങ്കേഷിനെ…വാക്കും തൂലികയുമൊടിഞ്ഞ് മരിച്ച് വീണ നമ്മുടെ കലാസാംസ്‌കാരിക നായകരെ… ഭരണകൂടം ക്രിമിനലുകളാക്കിയ നമ്മുടെ എഴുത്തുകാരെ…

രണ്ടരവര്‍ഷംമുമ്പ് രാജ്യത്തുടനീളം എടിഎം മെഷീനുകള്‍ക്ക് മുമ്പില്‍ ദിവസങ്ങളോളം കൈയില്‍ ചുരുട്ടിപ്പിടിച്ച മുഷിഞ്ഞ നോട്ടുകളുമായി കാത്തുനിന്നത്…മനുഷ്യാവകാശം എന്തെന്ന് പോലും അറിയാതെ ജീവിച്ചുമരിച്ചുപോയ നമ്മുടെ കാശ്മീര്‍ സഹോദരങ്ങളെ… ആംബുലന്‍സോ അടിസ്ഥാനപരമായ പരിചരണമോ ലഭിക്കാതെ മരണപ്പെട്ട നിരവധിപ്പേരെ അവരുടെ മൃതശരീരം തോളില്‍ ചുമന്ന് നടക്കേണ്ടി വന്ന ഗതികേടിനെ…

വര്‍ഷം കോടിക്കണക്കിന് തൊഴില്‍ നല്‍കാമെന്ന് രാജ്യത്തിന്റെ യുവാക്കള പറഞ്ഞ് പറ്റിച്ചതും അങ്ങനെ എണ്ണിപ്പറഞ്ഞാല്‍ തീരാത്ത നിരവധി സംഭവങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ മറക്കില്ല…മറക്കാനാവില്ല…

രാജ്യത്തിന്റെ ഭരണകൂടം തന്നെ അപകടവസ്ഥയിലാണെന്ന് സുപ്രീംകോടതിയുടെ നടുമുറ്റത്തിരുന്ന് ഉച്ചത്തില്‍ ന്യായാധിപന്മാര്‍ വിളിച്ചു പറഞ്ഞതും ബിജെപി ഭരണത്തിന്റെ അപകടാവസ്ഥയാണ് വിരല്‍ ചൂണ്ടുന്നത്. നമ്മുടെ കയ്യില്‍ നിന്നും കട്ടെടുത്ത 3000 കോടി കൊണ്ട് അങ്ങ് ഗുജറാത്തില്‍ പട്ടേല്‍പ്രതിമ ഉണ്ടാക്കിയത്… കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്യുമ്പോള്‍ വായ്പയെടുത്ത് പറ്റിച്ച് വിദേശത്ത് കറങ്ങുന്ന കള്ളന്മാരെ… രാജ്യത്തിന്റെ വിലയും അന്തസ്സും ലോകത്തിന് മുന്നില് കളഞ്ഞ് കുളിച്ച അഞ്ച് വര്‍ഷങ്ങള്‍.

മതേതര രാജ്യമായ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രത്തിനായി ഭിന്നിപ്പിന്റെ രാഷ്ട്രീയം പറഞ്ഞുപടര്‍ത്തിയത് നിങ്ങളാണ്… ബിജെപിയാണ്. ഇനി എന്തൊക്കെ രാഷ്ട്രീയ നാടകം കളിച്ചാലും രാജ്യത്തിന്റെ ജനങ്ങള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല. ബിജെപി എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള പാര്‍ട്ടിയെ ഇന്ത്യയുടെ കാവല്‍ക്കാരാണെന്ന് പറയാന്‍ നാണമില്ലേ നിങ്ങള്‍ക്ക്?…

ഇനി തീരുമാനിക്കേണ്ടത് ജനങ്ങളാണ്….മറക്കരുത് ”തെരഞ്ഞെടു’പ്പാണ്

Jasmin Anshad

Top