പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി ഭിന്നത; തോമസ് ഐസക്കും ജയരാജനും രംഗത്ത്‌…

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഒഴിയുന്നതും വി.എസിന്റെ ‘കടുംപിടുത്തവും’ സിപിഎമ്മിന് വെല്ലുവിളിയാകുന്നു.

ഇ.പി ജയരാജനെ പ്രതിപക്ഷ ഉപനേതാവാക്കാനാണ് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ഭൂരിപക്ഷം നേതാക്കള്‍ക്കും താല്‍പര്യം. സിപിഎം സംസ്ഥാന കമ്മറ്റി അംഗം ജി.സുധാകരനടക്കമുള്ളവര്‍ കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക്ക് പ്രതിപക്ഷ ഉപനേതാവാകാതിരിക്കാന്‍ ശക്തമായ കരുനീക്കങ്ങള്‍ നടത്തുന്നതായാണ് ലഭിക്കുന്ന സൂചന.

എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കുകയാണെങ്കില്‍ തോമസ് ഐസക്കിനേയും ഇ.പി ജയരാജനേയും ഒരേസമയം പരിഗണിക്കാന്‍ പറ്റുമെന്നതിനാല്‍ തിടുക്കപ്പെട്ട നീക്കം വേണ്ടെന്ന നിലപാടും നേതൃതലത്തില്‍ ഉണ്ട്. അടുത്ത സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധമായി നിര്‍ണായക തീരുമാനമുണ്ടാകും. നിയമസഭാ സമ്മേളനത്തിന് മുന്‍പ് വി.എസിന് മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

വി.എസിന് പാര്‍ട്ടി വിരുദ്ധ മനോഭാവമാണെന്ന പാര്‍ട്ടി പ്രമേയം റദ്ദാക്കാത്തതിനാല്‍ പ്രതിപക്ഷ നേതാവിന്റെ റോളില്‍ നിയമസഭയിലിരിക്കാന്‍ സാധാരണഗതിയില്‍ വി.എസിന് കഴിയില്ല. അങ്ങനെ ചെയ്താല്‍ അത് രാഷ്ട്രീയപരമായി അദ്ദേഹത്തിന്റെ ‘ആത്മഹത്യ’യുമാവും.

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ കാത്തിരിക്കണമെന്ന നിര്‍ദേശം സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയതിനാല്‍ നിയമസഭാ സമ്മേളന സമയത്ത് വി.എസ് പാര്‍ട്ടിക്ക് ‘അവധി’അപേക്ഷ നല്‍കാനുള്ള സാഹചര്യവും തള്ളിക്കളയാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

വി.എസിന്റെ അസാന്നിധ്യം സിപിഎമ്മില്‍ പുതിയ നേതൃപോരാട്ടത്തിന് കളമൊരുക്കുമോയെന്ന ആശങ്ക ചില നേതാക്കള്‍ക്കെങ്കിലും ഇപ്പോഴുണ്ട്. കോടിയേരി പ്രതിപക്ഷ ഉപനേതാവിന്റെ ‘റോള്‍’ഒഴിയാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പകരം ആരെയാണ് പാര്‍ട്ടി പരിഗണിക്കുക എന്നതാണ് സിപിഎം അണികളും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

കുണ്ടറ എംഎല്‍എയായ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ നിയമസഭയ്ക്കകത്ത് നേതൃസ്ഥാനം വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മാത്രമല്ല സിപിഎം സെന്‍ട്രല്‍ സെക്രട്ടറിയേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടതുള്ളതുകൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് തന്നെ ബേബിയെ ഒഴിവാക്കിയിരിക്കുകയുമാണ്.

പാര്‍ട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവും കണ്ണൂര്‍കാര്‍ ആകരുതെന്ന ‘തെക്കന്‍’ ചിന്താഗതിക്ക് മേല്‍ക്കോയ്മ കിട്ടിയാല്‍ തോമസ് ഐസക്കിന് തന്നെയാകും നറുക്ക് വീഴുക. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും ഒരുമിച്ച് പരിഗണിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇ.പി ജയരാജനെയും പരിഗണിക്കേണ്ടിവരും. അത്തരമൊരു ഘട്ടത്തില്‍ ഈ രണ്ട് കേന്ദ്ര കമ്മറ്റി അംഗങ്ങളില്‍ ആര്‍ക്കാണ് പ്രതിപക്ഷ നേതാവിന്റെ ‘റോള്‍’ നല്‍കേണ്ടിവരിക എന്നത് സിപിഎം സംസ്ഥാന നേതൃത്വത്തിന് തലവേദനയാകും.

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്‍പ് പൊതു സമൂഹത്തില്‍ ഇടംപിടിക്കുന്ന പ്രതിപക്ഷ നേതാവ് തോമസ് ഐസക്ക് ആയാല്‍ അത് പിണറായി വിജയന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന് ഭാവിയില്‍ വെല്ലുവിളിയാകുമെന്ന ഭയം പിണറായി പക്ഷത്തെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. ജനകീയാസൂത്രണത്തിന്റെയും കുടുംബശ്രീയുടെയും ‘ശില്‍പിയായ’ തോമസ് ഐസക്ക് വി.എസിന്റെ പിന്‍ഗാമിയാകുമോയെന്ന ആശങ്കയിലാണ് ഈ വിഭാഗം.

തോമസ് ഐസക്ക് ധനകാര്യ മന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഇ.പി ജയരാജനുമായി പരസ്യമായ ഏറ്റുമുട്ടല്‍ വരെ നടന്ന സാഹചര്യത്തില്‍ പുതിയ സ്ഥാനലബ്ദി സിപിഎമ്മിന് വെല്ലുവിളിയാകും.

പാര്‍ട്ടിയില്‍ മാത്രമല്ല നിയമസഭയ്ക്കകത്തും പുതിയ നേതൃത്വം സിപിഎമ്മിന് വരുന്നത് പ്രതിപക്ഷത്തിന് ഗുണകരമാണോ, ദോഷമാണോ ചെയ്യുകയെന്നത് ഇനി കണ്ടുതന്നെ അറിയണം. ഇടത് ഘടകകക്ഷികളും നിലവിലെ സാഹചര്യത്തെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

Top