ന്യൂഡല്‍ഹി: അസമിലെ തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ പ്രധാന ശ്രദ്ധ ഇനി കേരളത്തിലായിരിക്കണമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ക്കു നിര്‍ദ്ദേശം നല്‍കി. മമതാ ബാനര്‍ജിയേയും ജയലളിതയേയും അധികാരത്തില്‍നിന്നു മാറ്റുന്നതു കേന്ദ്ര സര്‍ക്കാരിനു നല്ല സൂചനയാവില്ലെന്ന വിലയിരുത്തലിലാണു ബിജെപി.
അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും വലിയ പ്രതീക്ഷ അസമിലാണ്. ഏറ്റവും വലിയ കക്ഷിയെങ്കിലും ആവുമെന്നാണ് അസമിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിയുടെ വിലയിരുത്തല്‍. അസമിനു ശേഷം ഇനി കൂടുതല്‍ ശ്രദ്ധ കേരളത്തില്‍ നല്‍കാനാണു ബിജെപി തീരുമാനം. കേന്ദ്രത്തിന്റെ മുഴുവന്‍ സഹായവും പ്രചാരണത്തിനു നല്‍കും.
കേരളത്തില്‍ സീറ്റുകള്‍ പിടിക്കുന്നതിനൊപ്പം ഭാവി നീക്കങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന തരത്തിലുള്ള വോട്ടു വിഹിതം നേടുകയും ലക്ഷ്യമാണ്. കേരളത്തിലെ സ്ഥിതി അധ്യക്ഷന്‍ അമിത് ഷാ നേരിട്ടു നിരീക്ഷിക്കും. ഒപ്പം പ്രധാനമന്ത്രിക്ക് നിരന്തരം റിപ്പോര്‍ട്ട് കൈമാറുന്നുണ്ട്.
കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യമെന്നിരിക്കെ കേരളത്തില്‍ യുഡിഎഫ് വിരുദ്ധ നിലപാടിനാവും മുന്‍ഗണനയെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ പശ്ചിമബംഗാളില്‍ ഇടതുപക്ഷം വരുന്നതു ദേശീയതലത്തില്‍ ബിജെപിക്ക് ക്ഷീണമാകും. മമത ബാനര്‍ജിയെ ശക്തമായി എതിര്‍ത്തു ഹിന്ദു വോട്ടില്‍ മുഖ്യപങ്ക് നേടാന്‍ ശ്രമിക്കുമ്പോഴും മമത മാറി ഇടതുഭരണം വരുന്നതിനോടു ബിജെപിക്ക് താത്പര്യമില്ല.
തമിഴ്‌നാട്ടില്‍ ബിജെപി ജയിക്കുകയല്ല ജയലളിത വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിലാണു ബിജെപിക്കു പ്രധാന താത്പര്യം.