ആക്രമണം തുടര്‍ന്ന് റഷ്യ; യുക്രൈനിലെ പ്രധാന നഗരമായ ഖേര്‍സണ്‍ കീഴടക്കി

യുക്രൈനിലെ പ്രധാന നഗരങ്ങളിലെന്ന് പിടിച്ചെടുത്ത് റഷ്യന്‍ സേന. വടക്കന്‍ യുക്രൈനിലെ തുറമുഖ നഗരമായ ഖേര്‍സണ്‍ ആണ് റഷ്യയുടെ അധീനതയിലായിരിക്കുന്നത്. റഷ്യന്‍ സൈന്യം സിറ്റി കൗണ്‍സില്‍ കെട്ടിടത്തിലേക്ക് കടന്നു കയറുകയും നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തതതായി ഖേര്‍സണ്‍ മേയര്‍ ഇഗോര്‍ കോലിഖേവ് പറഞ്ഞു.

റഷ്യ പിടിച്ചെടുക്കുന്ന യുക്രൈനിലെ ആദ്യ പ്രധാന നഗരങ്ങളിലൊന്നാണ് ഖേര്‍സണ്‍. യുെ്രെകനിന്റെ തെക്കന്‍ കരിങ്കടല്‍ തീരത്തുള്ള ഈ തുറമുഖ നഗരത്തില്‍ 280,000 മാണ് ജനസംഖ്യ.

ജനങ്ങള്‍ക്ക് മേല്‍ വെടിയുതിര്‍ക്കരുതെന്ന് റഷ്യന്‍ സൈന്യത്തോട് മേയര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ നിബന്ധനകള്‍ അനുസരിക്കാനും അദ്ദേഹം നഗരത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.

യുക്രൈനിലേക്കുള്ള ആക്രമണം റഷ്യ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആക്രമണത്തില്‍ ഇതുവരെ 2000 സിവിലിയന്‍സ് കൊല്ലപ്പെട്ടു. യുക്രൈനില്‍ നിന്നും 10 ലക്ഷം പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. യുഎന്നാണ് കണക്കുകള്‍ പുറത്തു വിട്ടത്.

യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖര്‍കീവിലും കഴിഞ്ഞ ദിവസം വലിയ തോതില്‍ റഷ്യന്‍ ആക്രമണം നടന്നു. ജനവാസ മേഖലകളിലേക്കാണ് മിസൈലാക്രമണങ്ങള്‍ നടന്നെന്നും നിരവധി പേര്‍ കൊല്ലപ്പെട്ടതായും നഗരത്തിന്റ മേയര്‍ പറഞ്ഞു.

അതേസമയം യുക്രൈന്‍ തലസ്ഥാനമായ കീവിലേക്കുള്ള റഷ്യന്‍ നീക്കങ്ങള്‍ അയഞ്ഞതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. കീവിനെ വളയാനുള്ള റഷ്യന്‍ സൈനിക നീക്കമാണ് മന്ദഗതിയിലായത്. കീവിന്റെ വടക്കന്‍ അതിര്‍ത്തിയുള്ള വന്‍ റഷ്യന്‍ സൈനിക സന്നാഹം ഇവിടെ നിന്നും നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top