ധീരജ് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം

ഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകനും എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയുമായിരുന്ന ധീരജ് രാജേന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം. ഇടുക്കി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കേസിലെ മറ്റ് ഏഴ് പ്രതികൾക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 88ാം ദിവസമാണ് നിഖിൽ പൈലിക്ക് ജാമ്യം അനുവദിക്കുന്നത്.

എട്ട് പ്രതികളാണ് കേസിലുള്ളത്, കേസിലെ കുറ്റപത്രം അന്വേഷണ സംഘം നേരത്തെ സമർപ്പിചതാണ്. 160 സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റിരുന്നു. നെഞ്ചിന് കുത്തേറ്റ കണ്ണൂർ സ്വദേശിയായ ധീരജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാർട്ടി പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാർഥികൾ പറഞ്ഞിരുന്നത്.നേരത്തെ പല തവണ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നിഖിൽ പൈലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്നും ജയിലിൽ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരൻ പറഞ്ഞിരുന്നു.

പ്രതിയ്‌ക്കൊപ്പം ഉറച്ച് നിൽക്കുമെന്നായിരുന്നു നേരത്തെ കെ. സുധാകരൻ വ്യക്തമാക്കിയത്. രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. പ്രതികൾക്ക് കോൺഗ്രസ് നിയമസഹായം നൽകും. നിഖിൽ ആണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തതെന്നും മുമ്പ് സുധാകരൻ പറഞ്ഞിരുന്നു.

Top