റെയില്‍വേ ട്രാക്കിലെ കൊടുങ്കാറ്റാവാന്‍ മെയിഡ് ഇന്‍ ചൈന ട്രെയിന്‍

ബെയ്ജിംഗ്: റെയില്‍വേ ട്രാക്കിലെ കൊടുങ്കാറ്റാവാന്‍ പുതിയ ട്രെയിന്‍ ഒരുക്കി ചൈന. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മാഗ്ലെവ് ട്രെയിനാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. ചൈനയും ചിങ്ടാവോ കോളാസ്റ്റല്‍ സിറ്റിയിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് ഈ ട്രെയിന്‍ വികസിപ്പിച്ചെടുത്തത്.

സാധാരണ ട്രെയിനുകള്‍ പോലെ ചക്രങ്ങള്‍ ഇല്ലാ എന്നതാണ് ഈ അതിവേഗ ട്രെയിനിന്റെ പ്രത്യേകത. കാന്തങ്ങളുടെ സഹായത്തോടെയാണ് ഇത് ട്രാക്കിലൂടെ നീങ്ങുന്നത്. മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഹൈ-ടെമ്പറേച്ചര്‍ സൂപ്പര്‍കണ്ടക്ടിങ്ങ് ടെക്നോളജിയെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുങ്ങിയിരിക്കുന്നത്.

കാന്തത്തിന്റെ സഹായത്തോടെ ട്രാക്കിലൂടെ നീങ്ങുന്നതിനാല്‍ വളരെ പെട്ടെന്ന് തന്നെ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് ഈ ട്രെയിന്‍ വികസിപ്പിച്ചവര്‍ അവകാശപ്പെടുന്നത്. സൂപ്പര്‍കണ്ടക്ടര്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഈ ട്രെയിന്‍ പരമ്പരാഗത ട്രെയിനുകളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബീജിംഗില്‍ നിന്ന് ഷാങ്ഹായിലേക്ക് മാഗ്ലെവ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ 2.5 മണിക്കൂര്‍ മാത്രമേ എടുക്കു, അത് ഏകദേശം 1000 കിലോമീറ്ററിലധികം ദൂരം വരും. വിമാന യാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ വിമാനത്തില്‍ 3 മണിക്കൂറും ട്രെയിനില്‍ 5.5 മണിക്കൂറും എടുക്കും.

 

Top