കൈക്കൂലി ആരോപണം; ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മഹുവ മൊയ്ത്ര

ന്യൂഡൽഹി : ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹാദ്‌റായിക്കും നിരവധി മാധ്യമങ്ങൾക്കുമെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ജസ്റ്റിസ് സച്ചിൻ ദത്തയുടെ ബെഞ്ച് ഹർജിയിൽ വെള്ളിയാഴ്ച വാദം കേൾക്കും.

നിഷികാന്ത് ദുബെയ്ക്കും ജയ് ആനന്ദ് ദെഹാദ്‌റായിക്കും മാധ്യമങ്ങള്‍ക്കുമെതിരെ കഴിഞ്ഞ ദിവസം മഹുവ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ കൈക്കൂലി വാങ്ങിയെന്നാണ് നിഷികാന്ത് ദുബെയുടെ ആരോപണം. എന്നാൽ, ലോക്‌സഭാ അംഗമെന്ന നിലയിൽ തന്റെ ചുമതലകൾ നിർവഹിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ സ്വീകരിച്ചു എന്ന ആരോപണം അപകീർത്തികരവും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വക്കീല്‍ നോട്ടിസിൽ പറയുന്നു.

പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മൊയ്‌ത്ര വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപിച്ച് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതി ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് കൈമാറി. ഐടി മന്ത്രിക്കു നൽകിയ പരാതിയിൽ മഹുവയുടെ ലോഗ് ഇൻ വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

ഐടി മേഖലയിലുള്ള ഹിരാനന്ദാനി ഗ്രൂപ്പിനു വേണ്ടിയാണു മഹുവ പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കുന്നതെന്ന് അഭിഭാഷകനായ ജയ് ആനന്ദ് ദെഹാദ്‌റായിയെ ഉദ്ധരിച്ചാണു നിഷികാന്ത് പരാതി നൽകിയത്. മഹുവയുടെ ലോഗ് ഇൻ ഉപയോഗിച്ച് മറ്റാരോ ആണു ചോദ്യങ്ങൾ ഉന്നയിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ലോക്സഭയിൽ മഹുവ ചോദിച്ച 61 ചോദ്യങ്ങളിൽ 51 എണ്ണവും വ്യവസായിയുടെ താൽപര്യങ്ങൾ പ്രകാരമാണെന്നും ഇതിനായി പണം വാങ്ങിയെന്നുമാണ് ആരോപണം.

എന്നാൽ, നിഷികാന്ത് ദുബെയുടെ ആരോപണങ്ങൾ നിഷേധിച്ച ഹിരാനന്ദാനി ഗ്രൂപ്പ് ‘രാഷ്ട്രീയത്തിന്റെ ബിസിനസിൽ തങ്ങൾ ഉൾപ്പെട്ടിട്ടില്ല’ എന്ന് പറഞ്ഞു. തങ്ങൾ എല്ലായ്‌പ്പോഴും രാജ്യത്തിന്റെ താൽപര്യത്തിനായി സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും ഹിരാനന്ദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

ജയ് ആനന്ദ് ദെഹാദ്‌റായി, മഹുവ മൊയ്‌ത്രയുടെ മുൻ പങ്കാളിയാണെന്ന് പറയപ്പെടുന്നു. തന്റെ വസതിയിൽ നിന്ന് വളർത്തുനായയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ദേഹാദ്രായിയുമായി മഹുവ തർക്കത്തിലാണെന്നാണ് റിപ്പോർട്ട്. മോഷണം, അശ്ലീല സന്ദേശങ്ങൾ എന്നിവ ആരോപിച്ച് കഴിഞ്ഞ ആറു മാസത്തിനിടെ ദേഹാദ്രായിക്കെതിരെ മഹുവ പൊലീസിൽ ഒന്നിലധികം പരാതികൾ നൽകിയിട്ടുണ്ട്.

Top