മഹീന്ദ്രയുടെ ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി ഥാറിന്റെ ഇലക്ട്രിക് മോഡല്‍ വരുന്നു

ലൈഫ്സ്‌റ്റൈല്‍ എസ്.യു.വിയായ മഹീന്ദ്ര ഥാര്‍ ഇലക്ട്രിക് കരുത്തില്‍ എത്തുമെന്ന് ഉറപ്പായി. മഹീന്ദ്ര തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ഓഗസ്റ്റ് 15ന് സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണില്‍ ‘ഫ്യൂച്ചര്‍സ്‌കേപ്പ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍, ഥാറിന്റെ ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് അവതരിപ്പിക്കുമെന്ന ടീസര്‍ വിഡിയോയാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ബാറ്ററിയുടെ ശേഷി, റേഞ്ച് എന്നിവ പ്രദര്‍ശനത്തില്‍ വെളിപ്പെടുത്തിയേക്കും. ഥാര്‍ ഇവിയെ കൂടാതെ, സ്‌കോര്‍പിയോ എന്‍ എസ്.യു.വിയുടെ ലൈഫ്സ്‌റ്റൈല്‍ പിക്ക്അപ്പ് പതിപ്പും ഈ പ്രദര്‍ശനത്തില്‍ ഉണ്ടാവുമെന്നാണ് വിവരം.

ഥാര്‍.ഇ എന്ന ബാഡ്ജിങ്ങ്, എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് ടീസറിലുള്ളത്. ആരാധകര്‍ ഏറെയുള്ള ഥാറിന്റെ മസില്‍ ലുക്ക് രൂപത്തില്‍ കാര്യമായ മാറ്റം വരുത്താതെയായിരിക്കും ഇവി ഒരുക്കുക. മഹീന്ദ്രയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ച ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഥാര്‍ ഇവി ഒരുങ്ങുകയെന്നാണ് സൂചന.

4×4 സംവിധാനം തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പിനേയും ശ്രദ്ധേയമാക്കുക. ഒരു മോട്ടോര്‍ ഫ്രണ്ട് ആക്സിലിലും മറ്റൊന്ന് പിന്‍ ആക്സിലിലും വരുന്ന ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണത്തോടെയാവും ഇത്. ഓഫ്റോഡ് ശേഷിയുള്ള മറ്റ് ഇലക്ട്രിക് വാഹാനങ്ങളിലെല്ലാം ഡ്യുവല്‍ മോട്ടോര്‍ സംവിധാനമാണ് നല്‍കുന്നതെങ്കില്‍ ഥാര്‍ ഇവിയില്‍ ക്വാഡ് മോട്ടോര്‍ സെറ്റപ്പ് ആയിരിക്കും ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top