ഫോര്‍ച്യൂണറിന് എതിരാളി മഹീന്ദ്ര ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 ന് വിപണിയില്‍

ഫോര്‍ച്യൂണറിന്റെ വിപണി ലക്ഷ്യമിടുന്ന മഹീന്ദ്ര ആള്‍ട്യുറാസ് നവംബര്‍ 26 ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ സാങ്‌യോങ്ങിന്റെ G4 റെക്സ്റ്റണാണ് വില്‍പനയ്‌ക്കെത്തുന്ന പുതിയ മഹീന്ദ്ര ആള്‍ട്യൂറാസ്. 22 ലക്ഷം മുതല്‍ പുതിയ മഹീന്ദ്ര എസ്‌യുവിക്ക് വില പ്രതീക്ഷിക്കാം. ഉടന്‍തന്നെ മോഡലിന്റെ പ്രീബുക്കിംഗ് കമ്പനി ആരംഭിക്കും.

4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവും എസ്യുവിക്കുണ്ട്. വീല്‍ബേസ് 2,865 mm. അതായത് ഫോര്‍ച്യൂണറിനെക്കാള്‍ 120 mm അധിക വീല്‍ബേസ് പുതിയ മഹീന്ദ്ര എസ്‌യുവി അവകാശപ്പെടും. ഫ്‌ളാഗ്ഷിപ്പ് പട്ടമുള്ളതുകൊണ്ടു അകത്തളത്തില്‍ പൂര്‍ണ്ണ ആഢംബരമാകും മഹീന്ദ്ര കരുതുക.

ക്രോം ആവരണമുള്ള ഗ്രില്ലില്‍ തുടങ്ങും മോഡലിന്റെ വിശേഷങ്ങള്‍. വലിയ വീതികൂടിയ ഹെഡ്‌ലാമ്പുകളാണ് മഹീന്ദ്ര ആള്‍ട്യുറാസിന്. സ്‌പോര്‍ടി ഭാവം വെളിപ്പെടുത്താന്‍ അലോയ് വീലുകള്‍ തന്നെ ധാരാളം. ഉള്ളില്‍ ഏഴു പേര്‍ക്കു സഞ്ചരിക്കാം.

2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനായിരിക്കും പുതിയ മഹീന്ദ്ര ആള്‍ട്യുറാസില്‍. പരമാവധി 187 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുള്ള എഞ്ചിനില്‍ ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മഹീന്ദ്ര നല്‍കും.

Top