നിര്‍മാണത്തില്‍ ഒരുലക്ഷം മറികടന്ന് മഹീന്ദ്ര XUV700ന്റെ കുതിപ്പ്

ഥാര്‍, എക്‌സ്.യു.വി.700, സ്‌കോര്‍പിയോ എന്‍ ഒന്നിനുപുറകെ ഒന്നായി എത്തിയ എല്ലാ വാഹനങ്ങളും മഹീന്ദ്രയ്ക്ക് ഏറെ നേട്ടം സമ്മാനിച്ചവയാണ്. ഈ വാഹനങ്ങളില്‍ ഏറ്റവും പ്രീമിയം ഭാവമുള്ളതും ഹൈടെക് ഫീച്ചറുകളുമായി എത്തിയ വാഹനമായിരുന്നു എക്‌സ്.യു.വി 700. വില്‍പ്പനയില്‍ തുടക്കം മുതല്‍ തന്നെ വന്‍കുതിപ്പ് തുടരുന്ന ഈ എസ്.യു.വി. ഇപ്പോള്‍ നിര്‍മാണത്തില്‍ പുതിയ ഒരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ഒരുലക്ഷം എന്ന മാജിക് നമ്പറാണ് എക്‌സ്.യു.വി700 മറികടന്നിരിക്കുന്നത്.

2021 ഓഗസ്റ്റ് മാസത്തിലാണ് മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായി എക്‌സ്.യു.വി 700 എത്തിയത്. അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിലേക്ക് അടുത്തുന്ന ഈ വാഹനം നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു ലക്ഷത്തില്‍ 90,000 യൂണിറ്റും ഉപയോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വാഹനത്തിന്റെ ബുക്കിങ്ങില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തിയതോടെ ബുക്കിങ്ങ് കാലാവധി നീട്ടാനും മഹീന്ദ്ര നിര്‍ബന്ധിതരാകുകയായിരുന്നു. ഒരു വര്‍ഷത്തിലധികമാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് കാലാവധി.

അഞ്ച്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എ.എക്‌സ്, എം.എക്‌സ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എം.എക്‌സ്. ശ്രേണിയില്‍ നാല് വേരിയന്റുകളാണ് എത്തുന്നത്. ഇതിന് 14.01 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അതേസമയം, എ.എക്‌സ് ശ്രേണിയില്‍ വിവിധ സീറ്റിങ്ങിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനിലുമായി 25 വേരിയന്റുകളാണുള്ളത്. ഇതിന് 16.49 ലക്ഷം രൂപ മുതല്‍ 26.18 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

അഡ്വാന്‍സ്ഡ് ഫീച്ചറുകളുടെ അകമ്പടിയോടെ എത്തിയിരിക്കുന്ന വാഹനവുമാണ് ഇത്. അലക്സ സപ്പോള്‍ട്ട് ചെയ്യുന്ന കണക്ടഡ് കാര്‍ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. അഡ്രേനോക്സ് എന്നാണ് മഹീന്ദ്ര ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. വോയിസ് കമാന്റിലൂടെ വാഹനത്തിലെ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. വലിയ സീറ്റുകളും മികച്ച രീതിയിയില്‍ ഒരുക്കിയിട്ടുള്ള ഡാഷ്ബോര്‍ഡും മറ്റും ഇന്റീരിയറിന് പ്രീമിയം വാഹനങ്ങളുടെ ഭാവം പകരുന്നുണ്ട്.

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് എക്‌സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

Top