അവതരിക്കാനൊരുങ്ങി മഹീന്ദ്ര XUV 700 ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സാങ്യോങ് G4 റെക്സ്റ്റണിനെയാണ് XUV700 എന്ന പേരില്‍ മഹീന്ദ്ര ഇന്ത്യയില്‍ വിപണിയിലേക്ക് ഉടന്‍ എത്തും. അടുത്ത മൂന്നുമാസത്തിനകം XUV700 ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ലാഡര്‍ ഫ്രെയിം ചാസിയിലാണ് ഇവന്‍ ഒരുങ്ങുന്നത്. 4,850 മില്ലിമീറ്റര്‍ നീളവും 1,960 മില്ലിമീറ്റര്‍ വീതിയും 1,825 മില്ലിമീറ്റര്‍ ഉയരവുമുണ്ട്. 2,865 മില്ലിമീറ്ററാണ് വീല്‍ബേസ്. ഫോര്‍ച്യൂണറിനെക്കാളും ഗ്രൗണ്ട് ക്ലിയറന്‍സുമായിട്ടായിരിക്കും എക്സ്.യു.വി. 700 വരുന്നത്. സാങ് യോങിന്റെ ‘ഡിഗ്‌നിഫൈഡ് മോഷന്‍’ ഡിസൈനിലാണ് ഒരുക്കം. ഗ്രില്ലിന് മുകളിലൂടെ ഹെഡ് ലാമ്പുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ക്രോം വരയില്‍ തുടങ്ങും എസ്.യു.വി.യുടെ ഡിസൈന്‍ വിശേഷങ്ങള്‍. ഡേ ടൈം റണ്ണിങ് ലൈറ്റുകളോടെയുള്ള വലിയ ഹെഡ്‌ലാമ്പുകളാണ്.

പരുക്കന്‍ അലോയ് വീലുകളും ഭീമന്‍ വീല്‍ ആര്‍ച്ചുകളും ഒഴുകിയറങ്ങുന്ന മേല്‍ക്കൂരയും തനി പരുക്കന്‍ എസ്.യു.വി.യാക്കി ഇതിനെ മാറ്റുന്നു. സ്പോയ്‌ലറില്‍ എല്‍.ഇ.ഡി. സ്റ്റോപ്പ് ലൈറ്റുകളുണ്ട്. മസാജ് സീറ്റുകള്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവ അകത്തുണ്ട്. രണ്ടാം നിരയില്‍ 10.1 ഇഞ്ച് സെന്റര്‍ കണ്‍സോള്‍ ഡിസ്‌പ്ലേയും 9.2 ഇഞ്ച് ഹെഡ്‌റെസ്റ്റ് മോണിട്ടറുമുണ്ടാകും.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ടാവും. ഒമ്പത് എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സേഫ്റ്റി അസിസ്റ്റ് എന്നിങ്ങനെയാണ് സുരക്ഷാ സൗകര്യങ്ങള്‍. 2.2 ലിറ്റര്‍ നാല് സിലിന്‍ഡര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനായിരിക്കും കരുത്ത് പകരുന്നത്. 2.2 ലിറ്റര്‍ എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമുണ്ടാവും. ഇരുപതു മുതല്‍ ഇരുപത്തഞ്ചു ലക്ഷം രൂപ വരെയായിരിക്കും വില.

Top