ഹാര്‍ഡ് ടോപ്പ് പതിപ്പുമായി മഹീന്ദ്രയുടെ ഥാര്‍ നിരത്തുകളിലേക്ക്‌

ഹീന്ദ്രയുടെ എസ്യുവി മോഡലായ ഥാറിന്റെ ഹാര്‍ഡ് ടോപ്പ് പതിപ്പ് എത്തുന്നു.
എല്ലാ സംവിധാനങ്ങളുമുള്ള എസ്യുവിയായിരുന്നു ഥാര്‍ എങ്കിലും ഹാര്‍ഡ് ടോപ്പിന്റെ അഭാവം ഈ വാഹനത്തില്‍ നിഴലിച്ചിരുന്നു. നിരത്തുകളിലെത്താനൊരുങ്ങുന്ന പുതുതലമുറ ഥാര്‍ മുമ്പ് പലതവണ പരീക്ഷണയോട്ടത്തില്‍ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. ഇത്തവണയും മൂടിക്കെട്ടിയ നിലയിലാണ് ഈ വാഹനം നിരത്തിലിറങ്ങിയത്. എങ്കിലും ജീപ്പ് റാങ്ക്‌ലറുമായി സാമ്യം തോന്നിക്കുന്ന തലയെടുപ്പാണ് പുതുതലമുറ ഥാറിനെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

വീല്‍ ആര്‍ച്ച് വരെ നീളുന്ന പുതിയ ബമ്പറാണ് മുന്‍വശത്തെ പ്രധാന പുതുമ. ഇതിന്റെ രണ്ട് വശങ്ങളിലായി പുതിയ ഫോഗ് ലാമ്പും സ്ഥാനം പിടിച്ചിട്ടുണ്ട്. അകത്തേക്ക് വലിഞ്ഞ നിലയിലാണ് ഹെഡ്‌ലൈറ്റുള്ളത്. ഏഴ് സ്ലാറ്റ് ഗ്രില്ലിലും ടേണ്‍ ഇന്റിക്കേറ്റിന്റെ സ്ഥാനത്തിലും മാറ്റം വരുത്തിയിട്ടില്ല.

മുന്‍വശത്തുള്ളതിന് സമാനമായ പുതുമ പിന്നിലുമുണ്ട്. ഹാര്‍ഡ് ടോപ്പായതിനാല്‍ തന്നെ ഗ്ലാസിട്ട ഹാച്ച്‌ഡോര്‍,ഡോറിന് മധ്യഭാഗ്യത്ത് സ്ഥാനം പിടിച്ച സ്റ്റെപ്പിന് ടയര്‍, വൃത്താകൃതിയിലുള്ള ടെയ്‌ല്ലൈറ്റ്, ബമ്പറിലെ റിഫ്‌ലക്ഷന്‍ എന്നിവ പിന്‍ഭാഗത്തെ മാറ്റങ്ങളാണ്.

വശങ്ങളും പുതുക്കി പണിഞ്ഞിട്ടുണ്ട്. അഞ്ച് സ്‌പോക്ക് അലോയി വീലുകളും പൂര്‍ണമായും ടയറുകളെ കവര്‍ ചെയ്യുന്ന വീല്‍ ആര്‍ച്ചും വശങ്ങളിലെ പുതുമയാണ്. ഇതിനൊപ്പം പിന്നിലെ ടയറുകളില്‍ ഡിസ്‌ക് ബ്രേക്കും നല്‍കുന്നുണ്ട്.138 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചന.

Top