വില്‍പ്പനാന്തര സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കി മഹീന്ദ്ര

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെല്ലാം തന്നെ വില്പ്പന സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഒരുപടി മുന്നേറി വില്‍പ്പനാന്തര സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര.

വാഹനം സര്‍വ്വീസ് ചെയ്യുന്നതിന്റെ തല്‍സമയ വീഡിയോ ദൃശ്യങ്ങള്‍ ഉപയോക്താവിന് ലഭ്യമാക്കുകയാണ് മഹീന്ദ്രയുടെ കോണ്‍ടാക്ട് ലെസ് സര്‍വ്വീസ് സംവിധാനമായ ഓണ്‍ മഹീന്ദ്ര ആപ്പിലൂടെ. വാഹനം സര്‍വ്വീസ് ബേയില്‍ കയറ്റിയതിന് പിന്നാലെ വാഹനത്തില്‍ ചെയ്യുന്ന ജോലികളെല്ലാം ഉപയോക്താവിന് വീഡിയോ കോളിലൂടെ കാണാനും നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും.

വാഹനത്തിന്റെ സര്‍വ്വീസ് വിവരങ്ങളും റെക്കോഡും ഉള്‍പ്പെടെ മഹീന്ദ്രയുടെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപയോക്താവിന് അറിയാന്‍ സാധിക്കും. ഇതില്‍ വാഹനത്തില്‍ നടത്തിയ റിപ്പയറും മാറ്റിയ പാര്‍ട്്‌സുകളുടെയും വിവരം ലഭ്യമാക്കും. മാത്രമല്ല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ തന്നെ പണം അടയ്ക്കുകയും സര്‍വ്വീസ് രേഖകള്‍ വാട്‌സ്ആപ്പിലൂടെ ഉപയോക്താവിന് ലഭ്യമാക്കുകയും ചെയ്യും.

കോണ്ടാക്ട്‌ലെസ് സര്‍വ്വീസ് ആപ്പില്‍ സര്‍വ്വീസ് ബുക്കുചെയ്യല്‍, സെന്റര്‍ തിരഞ്ഞെടുക്കല്‍, പിക്ക്അപ്പ്-ഡ്രോപ്പ് സംവിധാനം, സര്‍വ്വീസ് കോസ്റ്റ്, വെഹിക്കിള്‍ഹിസ്റ്ററി, വാറണ്ടി, ആര്‍എസ്എ റിന്യൂവല്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മഹീന്ദ്രയുടെ ജീവനക്കാര്‍ വീട്ടിലെത്തി വാഹനം കൊണ്ടുപോകുകയും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യുമെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

Top