പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

mahindra

നിലവില്‍ മഹീന്ദ്ര മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാറുകളെ ലഭ്യമാക്കുന്നത്.

ടാറ്റയുടെ ഇലക്ട്രിക് വരവിന് മുമ്പെ രണ്ട് പുതിയ ഇലക്ട്രിക് കാറുകളെ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ മഹീന്ദ്ര.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019ഓടെ പുതിയ രണ്ട് മഹീന്ദ്ര കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തും. നിലവില്‍ e20 പ്ലസ് ഹാച്ച്ബാക്ക്, ഇവെരിറ്റോ സെഡാന്‍, ഇസുപ്രോ വാന്‍ ഉള്‍കൊള്ളുന്നതാണ് മഹീന്ദ്രയുടെ ഇലക്ട്രിക് നിര.

പുതിയ കാറുകള്‍ക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം അടിയന്തരമായി വര്‍ധിപ്പിക്കാനുള്ള തീരുമാനവും മഹീന്ദ്ര എടുത്തുകഴിഞ്ഞു.

500 യൂണിറ്റുകളില്‍ നിന്നും 1,000 യൂണിറ്റുകളായി ഇലക്ട്രിക് വാഹനങ്ങളുടെ പ്രതിമാസ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം.

2019ഓടെ പ്രതിമാസം 5,000 യൂണിറ്റുകളുടെ ഉത്പാദനം പ്രാപ്തമാകുമെന്ന് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്കെ പറഞ്ഞു.

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് ആവശ്യക്കാരേറിയതിന് ശേഷം പ്രീമിയം ഇലക്ട്രിക് കാറുകളെ വിപണിയ്ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 4,000 ഇലക്ട്രിക് കാറുകളെ ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര എത്തിച്ച് കഴിഞ്ഞു. 2018ന്റെ രണ്ടാം പാദത്തോടെ ആദ്യ ഇലക്ട്രിക് മോഡലിനെ മഹീന്ദ്ര കാഴ്ചവെക്കും എന്നാണ് വിവരം.

2019 അവസാനത്തോടെ മാത്രമാകും മഹീന്ദ്രയുടെ രണ്ടാം ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തുക. ഇതിന് പുറമെ KUV100 ന്റെ ഇലക്ട്രിക് പതിപ്പിനെയും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര.

Top