കെയുവി100 എന്‍എക്‌സ്ടി ബിഎസ് 6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര

കെയുവി100 എന്‍എക്‌സ്ടി ബിഎസ് 6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര. 5.54 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു കഴിഞ്ഞു.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ് നടക്കുന്നത്. 5,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഡീസല്‍ പതിപ്പിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിച്ചു. ആറ് സീറ്റര്‍ കോണ്‍ഫിഗറേഷനിലാണ് കെയുവി100 എന്‍എക്‌സ്ടി വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

ഈ എഞ്ചിന്‍ 82 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഗിയര്‍ബോക്സ് അഞ്ച് സ്പീഡാണ്.

ക്രോം ആവരണത്തോടെയുള്ള അഗ്രസീവ് ഗ്രില്‍, സ്‌കിഡ് പ്ലേറ്റുകള്‍ക്ക് ഒപ്പമുള്ള ഡ്യൂവല്‍ ടോണ്‍ ബമ്പറുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളുള്ള ബാരല്‍ ഹെഡ്‌ലാമ്പുകള്‍, ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാമ്പുകള്‍, പുതിയ ടെയില്‍ഗെയ്റ്റ്, പുതിയ സ്പോയിലര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിങ്ങനെയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

15 ഇഞ്ച് അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന സവിശേഷതയാണ്. റിവേഴ്സ് പാര്‍ക്കിങ് ക്യാമറയ്ക്കുള്ള ഡിസ്പ്ലേയായും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ പ്രവര്‍ത്തിക്കും.

പൂര്‍ണ്ണമായും കറുപ്പ് നിറത്തിലാണ് വാഹനത്തിന്റെ അകത്തളം ഒരുങ്ങുന്നത്. പിയാനൊ ബ്ലാക് ഡാഷ്ബോര്‍ഡ്, പുതിയ ഫാബ്രിക് സീറ്റ് കവറുകള്‍, കീലെസ് എന്‍ട്രി, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോസ് എന്നിവയും അകത്തളത്തെ വിശേഷങ്ങളാണ്.

ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ്, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍ തുടങ്ങിയ ഫീച്ചറുകളും സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്.

ആറ് സിംഗിള്‍ ടോണ്‍ നിറങ്ങളിലും രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും പുതിയ വാഹനം വിപണിയില്‍ എത്തും. ഉടന്‍ തന്നെ വാഹനത്തിന്റെ ഇലട്രിക്ക് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Top