Mahindra Launches New 1.99-Litre mHawk Diesel Engine

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസല്‍ എന്‍ജിനുകള്‍ക്ക് രാജ്യതലസ്ഥാന മേഖല(എന്‍ സി ആര്‍)യില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തെ മറികടക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) പുതുവഴികള്‍ തേടുന്നു. 1999 സി സി ശേഷിയുള്ള പുത്തന്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന്‍ അവതരിപ്പിച്ചാണ് രാജ്യതലസ്ഥാനത്തു നടപ്പായ നിയന്ത്രണങ്ങളെ മറികടക്കാന്‍ മഹീന്ദ്ര ശ്രമിക്കുന്നത്.

ഈ എന്‍ജിനോടെയാവും അടുത്ത തലമുറ ‘സ്‌കോര്‍പിയോ’, പുതിയ ‘എക്‌സ് യു വി 500’ എന്നിവ എന്‍ സി ആര്‍ പ്രദേശത്തു കമ്പനി വില്പ്പനയ്‌ക്കെത്തിക്കുക. രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച വാഹനങ്ങളുടെ റജിസ്‌ട്രേഷന് മൂന്നു മാസക്കാലത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ കഴിഞ്ഞ മാസം സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഡല്‍ഹിക്കു പുറമെ സമീപത്തെ ഉപഗ്രഹ നഗരങ്ങള്‍ കൂടി ഉള്‍പ്പെട്ട പ്രദേശത്താണ് ഇത്തരം എന്‍ജിനുള്ള കാറുകളുടെയും എസ് യു വികളുടെയും റജിസ്‌ട്രേഷന്‍ വിലക്കു നിലവിലുള്ളത്

തീരുമാനം നടപ്പായതോടെ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സീഡിസ് ബെന്‍സും ഔഡിയും ബി എം ഡബ്ല്യുവും മാത്രമല്ല ‘ഇന്നോവ’ നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുമൊക്കെ പ്രതിസന്ധിയിലായി. ഏറ്റവുമധികം വില്‍പ്പന നേടിയിരുന്ന ‘സ്‌കോര്‍പിയോ’, ‘ബൊളേറൊ’, ‘എക്‌സ് യു വി 500’, ‘താര്‍’ എന്നിവയുടെയൊക്കെ എന്‍ജിന്‍ ശേഷി രണ്ടു ലീറ്ററിലേറെയായതിനാല്‍ എന്‍ സി ആര്‍ മേഖലയിലെ ഡീസല്‍ വാഹന വിലക്ക് മഹീന്ദ്രയ്ക്കാണ് ഏറെ തിരിച്ചടിയായത്.

ഇതോടെ ഡല്‍ഹിക്കായി മഹീന്ദ്ര ശേഷി കുറഞ്ഞ ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുമെന്നതും ഏറെക്കുറെ ഉറപ്പായിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ചു മഹീന്ദ്ര വികസിപ്പിച്ച പുതിയ 1.99 ലീറ്റര്‍ ഡീസല്‍ എന്‍ജിന് ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. അതിനാല്‍ വൈകാതെ ഈ എന്‍ജിന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ എന്‍ സി ആര്‍ പ്രദേശത്തെ ഡീലര്‍ഷിപ്പുകളിലും പ്രതീക്ഷിക്കാം.

Top