ഓട്ടോ ഡ്രൈവർമാർക്ക് ചങ്ങാതിയായി മഹീന്ദ്രയുടെ പുതിയ ആപ്പ്, പേര് നെമോ

ഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഡ്രൈവര്‍മാര്‍ക്കായി നെമോ ഡ്രൈവര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മഹീന്ദ്രയുടെ കണക്റ്റഡ് മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് നെമോ ഡ്രൈവര്‍ ആപ്പ്. റേഞ്ച് സംബന്ധിച്ച ആശങ്ക പോലുള്ള പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ഈ ആപ്പ് ചാര്‍ജിങ് ആസൂത്രണം ചെയ്യാനും അതിന്‍റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും ഉപഭോക്താവിനെ സഹായിക്കും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡ്രൈവിംഗ്, ചാര്‍ജിങ് സ്ഥിതിവിവരങ്ങള്‍ ഉള്‍പ്പെടെ മഹീന്ദ്ര ഇലക്ട്രിക് ത്രീവീലറുകളെ (ട്രിയോ ഓട്ടോ, ട്രിയോ സോര്‍, സോര്‍ ഗ്രാന്‍ഡ്) സംബന്ധിച്ച തത്സമയ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കുന്ന നെമോ ആപ്പ് വഴി സമ്പര്‍ക്കം പുലര്‍ത്താനും ഡ്രൈവര്‍മാര്‍ക്ക് കഴിയും.

ഉപഭോക്താക്കളില്‍ നിന്നുള്ള ലഭിച്ച പ്രതികരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് നെമോ ഡ്രൈവര്‍ ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക് മൊബിലിറ്റിയെ കൂടുതല്‍ യോജിപ്പിക്കുകയും, സൗകര്യപ്രദവും തടസരഹിതവുമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് വികസിപ്പിച്ചത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് ഫോണിലെ പ്ലേ സ്റ്റോര്‍ വഴി ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിന്‍റെ ഐഒഎസ് പതിപ്പ് പിന്നീട് പുറത്തിറക്കും.

തങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി അവരുടെ മഹീന്ദ്രാ ലാസ്റ്റ്മൈല്‍ മൊബിലിറ്റി വൈദ്യത വാഹനങ്ങള്‍ വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കാനുള്ള സംവിധാനം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സിഇഒ സുമന്‍ മിശ്ര പറഞ്ഞു. നെമോ ഡ്രൈവര്‍ ആപ്പ് തല്‍സമയ ഡേറ്റാ ഉപയോഗിച്ച് വൈദ്യുത വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നവരുടെ ഡ്രൈവിങ് രീതി ഉയര്‍ത്തുകയും, പരിസ്ഥിതി സൗഹൃദമായി അവരുടെ ലാഭക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനൊന്നിലധികം പ്രധാന ഫീച്ചറുകളുമായാണ് ഇലക്ട്രിക് മൊബിലിറ്റിയുടെ ആധുനിക യുഗത്തെ സഹായിക്കാന്‍ നെമോ ഡ്രൈവര്‍ ആപ്പ് എത്തിയിരിക്കുന്നത്. അര്‍ബന്‍ ഇലക്ട്രിക് മൊബിലിറ്റി മെച്ചപ്പെടുത്തുന്നതിന് പങ്കിടുന്നതും ന്യൂജനറേഷന്‍ സേവനങ്ങള്‍ വികസിപ്പിക്കാനും ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമം കൂടിയായ നെമോ ഡ്രൈവര്‍ ആപ്പ് സഹായിക്കും എന്നും കമ്പനി പറയുന്നു.

Top