മഹീന്ദ്രയുടെ ജാവ മോഡല്‍ ലേലത്തില്‍; ലേലത്തുക ധീര ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്

ഹീന്ദ്രയുടെ ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ വേര്‍ഷന്‍ ജാവ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമാകുന്നു. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ആദ്യ യൂണിറ്റ് കൈമാറുന്നതിന് മുന്‍പ് ബൈക്കുകള്‍ ലേലത്തില്‍ വയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ലേലത്തില്‍ ലഭിക്കുന്ന പണം രാജ്യത്തിന് വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗപ്പെടുത്തുകയാണ് അധികൃതര്‍. ഇന്ന് വൈകിട്ട് മുംബൈയിലാണ് ലേലം നടക്കുക.

ഒന്ന് മുതല്‍ 100 വരെ നമ്പറിലുള്ള ബൈക്കുകള്‍ തിരഞ്ഞെടുക്കാനാണ് ലേലത്തില്‍ അവസരമുണ്ടാവുക. ഇതു കൂടാതെ ലേലത്തില്‍ ലഭിക്കുന്ന ബൈക്കുകളില്‍ ഇന്ധനടാങ്കില്‍ ദേശീയ പതാകയുടെ നിറങ്ങളും ഫ്യുവല്‍ ടാങ്ക് ക്യാപ്പില്‍ ഉപഭോക്താവിന്റെ പേരും ആലേഖനം ചെയ്യാനുള്ള സൗകര്യവും ഉണ്ടാവും.

ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണ് ജാവയില്‍ നിന്ന് ആദ്യമെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. രണ്ട്‌ ലക്ഷം രൂപയാണ് മിനിമം ലേലത്തുക. ജാവ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രമേ ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയു.

Top