കൊറോണ; ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി എയ്‌റോസോള്‍ ബോക്‌സുമായി മഹീന്ദ്ര

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ തന്നെ ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ ശക്തമായ പിന്തുണ അറിയിക്കുന്നുണ്ട്. ഇതില്‍ തന്നെ ഏറെ മുന്നിലാണ് മഹീന്ദ്ര. വെന്റിലേറ്റര്‍, ഫെയ്‌സ്ഷീല്‍ഡ്, ത്രീ പ്ലൈ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍മിച്ച മഹീന്ദ്ര ഇപ്പോഴിതാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി എയ്‌റോസോള്‍ ബോക്‌സ് നിര്‍മിക്കാനൊരുങ്ങുന്നു.

വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡ് നിര്‍മിക്കുന്നതിനുള്ള പ്ലാസ്റ്റിക് പോളി കാര്‍ബണേറ്റ് ഉപയോഗിച്ചാണ് എയ്‌റോസോള്‍ ബോക്‌സ് നിര്‍മിക്കുന്നതെന്നാണ് വിവരം. മഹീന്ദ്ര ഗ്രൂപ്പ് എംഡി പവന്‍ ഗൊയാങ്കെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി എയ്‌റോസോള്‍ ബോക്‌സ് നിര്‍മിക്കുന്ന വിവരം ട്വിറ്ററില്‍ കുറിച്ചത്.

ഈ ബോക്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഡിട്രോയിറ്റ് മഹീന്ദ്ര ടീമാണ്. വൈറസ് ബാധിതരായ ആളുകളില്‍ ഇട്ടിട്ടുള്ള ഇന്‍ട്യുബേഷന്‍ ട്യൂബുകള്‍ മാറ്റുന്ന ഘട്ടത്തില്‍ രോഗം പടരാനുള്ള സാധ്യത തടയുന്നതിനാണ് മഹീന്ദ്രയുടെ ഈ നീക്കം. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും വേണ്ടിയാണ് ഇത് ഒരുങ്ങുന്നത്.

ബോക്‌സ് നിര്‍മിക്കുന്നതിന്റെ വീഡിയോയും ഗൊയേങ്കെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

മഹീന്ദ്രയുടെ മിഷിഗണിലെ ഒബേണ്‍ പ്ലാന്റിലെ ജീവനക്കാരന്റെ ഭാര്യയാണ് എയ്‌റോസോള്‍ ബോക്‌സ് എന്ന ആശയം അവതരിപ്പിച്ചത്. രോഗം വ്യാപിക്കുന്ന അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമായി കഴിഞ്ഞ രണ്ടാഴ്ചയോളമായി മഹീന്ദ്രയുടെ മിഷിഗണ്‍ പ്ലാന്റില്‍ എയ്‌റോസോള്‍ ബോക്‌സ് നിര്‍മിക്കുന്നുണ്ട്. നാസികിലെ മഹീന്ദ്രയുടെ പ്ലാന്റിലും ഈ ബോക്‌സ് നിര്‍മിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Top