മഹീന്ദ്രയുടെ ട്രിയോയും ട്രിയോ യാരിയും കേരളത്തിലെത്തി

കൊച്ചി: മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി വൈദ്യുത വാഹനങ്ങളായ ട്രിയോയും ട്രിയോ യാരിയും കേരള വിപണിയില്‍ അവതരിപ്പിച്ചു. 2.43 ലക്ഷം, 1.62 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം വാഹനങ്ങളുടെ വില. ഒരു സിഎന്‍ജി ഓട്ടോയുടെ കിലോമീറ്ററിന് 1.30 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്രിയോയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 0.38 പൈസയാണ്. ഇത് ഉപഭോക്താവിന്റെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ വാദം.

സംസ്ഥാന ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ സാന്നിധ്യത്തിലാണ് മഹീന്ദ്ര ട്രിയോ കേരളത്തില്‍ അവതരിപ്പിച്ചത്. 2020 ഏപ്രിലോടെ രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങളും 50,000 മുച്ചക്രവാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പൂര്‍ണമായി ചാര്‍ജ് ചെയ്ത ശേഷം എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ ഡ്രൈവിങ് റേഞ്ചില്‍ ട്രിയോ ഓട്ടോ 170 കിലോമീറ്ററും സാധാരണ ഡ്രൈവിങ് റേഞ്ചില്‍ 130 കിലോമീറ്ററുമാണ് വാഹനത്തിന് പ്രവര്‍ത്തിക്കാനാകുക. ട്രിയോ യാരി ഇ റിക്ഷയുടെ റേഞ്ച് 129 കിലോമീറ്ററാണ്. സാധാരണ 15 ആംപ് സോക്കറ്റ് ഉപയോഗിച്ച് വീട് ഉള്‍പ്പെടെ എവിടെയും ചാര്‍ജ് ചെയ്യാവുന്ന ഒരു പോര്‍ട്ടബിള്‍ ചാര്‍ജറാണ് ട്രിയോ ഇ-ഓട്ടോയിലുള്ളത്.

മഹീന്ദ്ര ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ചെടുത്ത ലിഥിയം അയോണ്‍ ബാറ്ററിയാണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. മൂന്നു വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്ററാണ് വാറന്റിയാണ് ട്രിയോ റേഞ്ച് ഇലക്ട്രിക് ഓട്ടോയ്ക്കുള്ളത്.

Top