എക്സ്.യു.വി 500ന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് നിര്‍ത്തലാക്കാനൊരുങ്ങി മഹീന്ദ്ര

ക്സ്.യു.വി 500 പെട്രോള്‍ എന്‍ജിന്‍ പതിപ്പിന്റെയും ഡീസല്‍ പതിപ്പിലെ ഉയര്‍ന്ന വകഭേദമായ ഓട്ടോമാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് മോഡലിന്റെയും ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി മഹീന്ദ്ര. എക്സ്.യു.വി 500 ഡീസല്‍ പതിപ്പിന്റെ വില ഉയരുന്ന സാഹചര്യത്തിലാണിത്. വേരിയന്റിന്റെ അടിസ്ഥാനത്തില്‍ 1000 രൂപ മുതല്‍ 8000 രൂപ വരെയാണ് എക്സ്.യു.വി 500ന്റെ ഡീസല്‍ മോഡലിന് വില ഉയരുന്നത്.

മഹീന്ദ്ര എക്സ്.യു.വി 500ന് ഡബ്ല്യു 3 മുതല്‍ ഡബ്ല്യു 11 ഓപ്ഷണല്‍ ഓട്ടോമാറ്റിക് വരെ 11 വേരിയന്റുകളാണുള്ളത്. 12.31 ലക്ഷം രൂപ മുതല്‍ 18.62 ലക്ഷം രൂപ വരെയാണ് ഈ വേരിയന്റുകളുടെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

140 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ എന്‍ജിനാണ് എക്സ്.യു.വി 500ന്റെ പെട്രോള്‍ മോഡലില്‍ പ്രവര്‍ത്തിച്ചിരുന്നത്. 155 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഓള്‍ വീല്‍ ഡ്രൈവ് മോഡലിലുള്ളത്.

എക്സ്.യു.വി 500ന്റെ പുതുതലമുറ വാഹനം 2020ല്‍ നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. 180 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

Top