ഫോര്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി മഹീന്ദ്ര ഗ്രൂപ്പിന്

ഫോര്‍ഡ് ഇന്ത്യയുടെ 51 ശതമാനം ഓഹരികളും സ്വന്തമാക്കി മഹീന്ദ്ര ഗ്രൂപ്പ്. ഇതോടെ ഫോര്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി മഹീന്ദ്യ ഏറ്റെടുക്കും. 657 കോടി രൂപ നിക്ഷേപത്തിലാണ് മഹീന്ദ്ര ഫോര്‍ഡിന്റെ ഓഹരികള്‍ സ്വന്തമാക്കിയത്. 2017ലാണ് ഇരു കമ്പനികളും തമ്മിലുള്ള സഹകരണത്തിന് ധാരണയായത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായാണ് സഹകരിക്കുന്നതെന്നാണ് ആദ്യം അറിയിച്ചത്.

ഫോര്‍ഡ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ കാര്‍ നിര്‍മാണ പ്ലാന്റും ജീവനക്കാരും കയറ്റുമതി ഉള്‍പ്പെടെയുള്ള ബിസിനസുമാണ് മഹീന്ദ്ര ഏറ്റെടുത്തിരിക്കുന്നത്. സാനന്ദിലുള്ള പ്ലാന്റിന്റെ ഉടമസ്ഥാവകാശം ഫോര്‍ഡിന് തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്രയ്ക്ക് ഇന്ത്യന്‍ വാഹനവിപണിയിലുള്ള സ്വാധീനവും ഫോര്‍ഡിന്റെ വാഹനങ്ങളിലെ സാങ്കേതികവിദ്യയും സംയോജിക്കുന്നതിലൂടെ ഇന്ത്യന്‍ വാഹനവിപണിയുടെ മേധാവിത്വം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ പ്രതീക്ഷ.

ഏറ്റെടുക്കലിനും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുമായി 1400 കോടി രൂപയാണ് മഹീന്ദ്ര നിക്ഷേപിക്കാനൊരുങ്ങുന്നത്. ഫോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം മഹീന്ദ്രയ്ക്കാണെങ്കിലും രണ്ട് കമ്പനികളും പ്രത്യേകം ബ്രാന്റുകളായി തുടരുമെന്നാണ് സൂചനകള്‍.

Top