മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ കേരളത്തിലെത്തി

രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തില്‍ വില്‍പ്പനയ്‌ക്കെത്തി. ട്രിയോ, ട്രിയോ യാരി എന്നീ മോഡലുകള്‍ ട്രിയോ ശ്രേണിയില്‍ ഉള്‍പ്പെടുന്നതാണ്. ട്രിയോക്ക് 2.70 ലക്ഷവും ട്രിയോ യാരിക്ക് 1.71 ലക്ഷം രൂപയുമാണ് കേരളത്തിലെ എക്‌സ്‌ഷോറൂം വില.

ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രീവീലറാണ് ട്രിയോ. ബാറ്ററിയില്‍ സംഭരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ട്രിയോയ്ക്ക് ചലനമേകുന്നത്. ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് റിക്ഷയാണ് ട്രിയോ യാരി.

ട്രിയോയില്‍ 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69kWh ലിഥിയം അയേണ്‍ ബാറ്ററിയുമാണ് ഹൃദയം. ട്രിയോ 5.4 KW പവറും 30 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ ട്രിയോ യാരി 2 KW പവറും 17.5 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് സമയം വേണം ട്രിയോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍. ട്രിയോ യാരിക്ക് രണ്ടര മണിക്കൂര്‍ മതി. ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ട്രിയോ യാരിയില്‍ 120 കിലോമീറ്ററും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ട്രിയോയുടെ പരമാവധി വേഗത. ട്രിയോ യാരിക്ക് 24.5 കിലോമീറ്ററും.

Top