ചെലവു കുറഞ്ഞ കാരവൻ നിർമിക്കാൻ മഹീന്ദ്ര

ചെലവുകുറഞ്ഞ കാരവൻ വാനുകൾ നിർമിക്കാൻ ക്യാംപർ വാൻ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരണ കരാറിൽ ഒപ്പുവച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്ര. ബൊലേറോ പിക്കപ്പിലാണ് പുതിയ കാരവാനുകൾ മഹീന്ദ്ര ഒരുക്കുന്നത്. മദ്രാസ് ഐഐടിയുടെ ഇൻക്യുബേറ്റഡ് സ്ഥാപനമാണ് ക്യാംപർ വാൻ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡ്.

ഇരട്ടക്യാബുള്ള ബൊലേറോ ക്യാംപർ ഗോള്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സഞ്ചരിക്കുന്ന വീട് നിർമിക്കുന്നത്. മികച്ച ഇന്റീരിയറും നാലുപേർക്ക് ഉറങ്ങാനും, ഭക്ഷണം കഴിക്കാനും സൗകര്യമുള്ളതായിരിക്കും ക്യാംപർ വാനുകൾ. കൂടാതെ ബയോ ടോയ്‌ലറ്റും ഷവറും ഘടിപ്പിച്ച റെസ്റ്റ് റൂം, മിനി ഫ്രിഡ്ജും മൈക്രോവേവുമുള്ള അടുക്കള, എയര്‍ കണ്ടീഷണര്‍ (ഓപ്ഷണല്‍), ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങളുമുണ്ടാകും.

രാജ്യത്ത് ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന സെല്‍ഫ് ഡ്രൈവ് ടൂറിസം വിഭാഗത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷ. ഇതാദ്യമായാണ് ഇന്ത്യന്‍ വാഹന നിർമാതാക്കൾ കാരവന്‍ നിര്‍മാണ വിഭാഗത്തിലേക്ക് കടക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള നൂതനമായ ക്യാംപര്‍വാന്‍ ഡിസൈനുകളും മോഡലുകളും കരാറിന്‍റെ ഭാഗമായി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര അറിയിക്കുന്നത്.

Top