Mahindra and Mahindra plans to buy Italian car design firm Pininfarina

ഇറ്റലിയിലെ കാര്‍ ഡിസൈന്‍ സ്ഥാപനം പിനിന്‍ഫാറിനയെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഒരുങ്ങുന്നു. ഫെരാരി, റോള്‍സ് റോയ്‌സ്, അല്‍ഫ റോമിയോ, പ്യൂഷോ, ജി.എം, മസരാറ്റി കാറുകളുടെ രൂപകല്‍പ്പനയിലൂടെ പേരുകേട്ട സ്ഥാപനമാണ് പിനിന്‍ഫാറിന.

1930 ല്‍ വാഹന രൂപകല്‍പ്പനാ വിദഗ്ദ്ധന്‍ ബാറ്റിസ്റ്റ പിനിന്‍ഫാറിന തുടക്കം കുറിച്ച സ്ഥാപനമാണിത്. ഇറ്റാലിയന്‍ സ്‌പോര്‍ട് കാറായ ഫെറാറിയുടെ വിവിധ മോഡലുകള്‍ രൂപകല്‍പ്പന ചെയ്താണ് ശ്രദ്ധനേടിയത്. ഫെരാരിക്കുവേണ്ടിമാത്രം നൂറിലേറെ കാറുകള്‍ പിനിന്‍ഫാറിന രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി നഷ്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇതോടെ വായ്പാബാധ്യത 52.7 മില്യണ്‍ യൂറോയായി ഉയര്‍ന്നു.

പിനിന്‍ഫാറിനയ്ക്ക് വായ്പ നല്‍കിയ ബാങ്കുകളുമായി മഹീന്ദ്ര ഉടന്‍ ചര്‍ച്ച നടത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ കൊറിയന്‍ എസ്.യു.വി നിര്‍മ്മാതാക്കളായ സാങ് യോങ്ങിനെ 2011 ല്‍ മഹീന്ദ്ര ഏറ്റെടുത്തിരുന്നു. സാങ് യോങ്ങിന്റെ എസ്.യു.വികള്‍ മഹീന്ദ്ര ഇപ്പോള്‍ ഇന്ത്യ അടക്കമുള്ള വിപണികളില്‍ വിറ്റഴിക്കുന്നുണ്ട്. ബ്രിട്ടീഷ് ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിനെ ഏറ്റെടുക്കാന്‍ മഹീന്ദ്ര നീക്കങ്ങള്‍ നടത്തിയെങ്കിലും പിന്നീട് പിന്മാറി.

Top