ആഢംബര ലോകത്തേക്ക് മഹീന്ദ്രയുടെ ആള്‍ടുറാസ് ജി4 വിപണിയിലെത്തി

പ്രീമിയം എസ്.യു.വി ശ്രേണിയിലേക്ക് മഹീന്ദ്ര ആള്‍ടുറാസ് ജി4 വിപണിയില്‍ പുറത്തിറങ്ങി. രണ്ടാംതലമുറ സാങ്‌യോങ് ജി4 റെക്സ്റ്റണിനെയാണ് ആള്‍ടുറാസ് ജി4 എന്ന പേരില്‍ കമ്പനി പുറത്തിറക്കുന്നത്. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വകഭേദങ്ങളില്‍ പേള്‍ വൈറ്റ്, നാപോളി ബ്ലാക്ക്, ലെയ്ക്ക്‌സൈഡ് ബ്രൗണ്‍, സില്‍വര്‍, റഗുലര്‍ ബ്ലൂ എന്നീ അഞ്ച് നിറങ്ങളിലാണ് ആള്‍ടുറാസ് വിപണിയിലെത്തുക.

അഞ്ചടിയോളം ഉയരം എസ്‌യുവിക്കുണ്ട്. 200 mm ഗ്രൗണ്ട് ക്ലിയറന്‍സും മോഡലിന് കരുതാം. കോണോടുകോണ്‍ ചേര്‍ന്നു ടെയില്‍ലാമ്പുകളില്‍ നാമമാത്രമായ ക്രോം അലങ്കാരം മാത്രമെ മഹീന്ദ്ര നടത്തിയിട്ടുള്ളൂ. അകത്തളത്തില്‍ ആധുനികതയ്ക്കും ആഢംബരത്തിനും യാതൊരു കുറവും മഹീന്ദ്ര വരുത്തിയിട്ടില്ല. ഉള്ളില്‍ തുകലിനും ലോഹത്തിനും തുല്യ പ്രധാന്യം കാണാം. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍ വമ്പന്മാരോടു കിടിപിടിക്കുന്ന ആഢംബരം മഹീന്ദ്ര ആള്‍ട്യുറാസ് G4 അവകാശപ്പെടും.

വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, സില്‍വര്‍ റൂഫ് റെയില്‍, വലിയ 5 സ്‌പോക്ക് അലോയി വീല്‍ എന്നിവ ആള്‍ട്ടൂറാസിനെ വ്യത്യസ്തമാക്കും. ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് ഇഞ്ച് മീറ്റര്‍ കണ്‍സോള്‍ എന്നിവയാണ് അകത്തെ പ്രധാന പ്രത്യേകതകള്‍.

2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സെവന്‍ സീറ്റര്‍ ആള്‍ടുറാസ് ജി4ന് കരുത്തേകുക. 178 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നല്‍കുക. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. സുരക്ഷയ്ക്കായി ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, എട്ട് എയര്‍ബാഗ് എന്നിവയുണ്ടാകും.

Top