സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് രജപക്സേ

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ നടത്തുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സേ. പ്രതിസന്ധികളെ മറികടക്കാന്‍ തന്റെ സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണെന്നും പ്രതിഷേധം തുടരുന്ന ഓരോ നിമിഷവും രാജ്യത്തിന് കൂടുതല്‍ നഷ്ടമുണ്ടാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ ആലോചിക്കുകയും അതുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ സമരങ്ങള്‍ ഒരു രീതിയിലും സഹായകരമല്ല. പ്രതിഷേധിക്കുന്ന ഓരോ നിമിഷവും ഡോളറുകള്‍ നഷ്ടമാകുന്നുവെന്നും പ്രതിസന്ധി ഘട്ടത്തില്‍ ജനം ഒപ്പം നില്‍ക്കണമെന്നുമാണ് മഹിന്ദ രജപക്സേ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്.

പ്രധാനമന്ത്രിയുടേയും അദ്ദേഹത്തിന്റെ സഹോദരനും പ്രസിഡന്റുമായ ഗോതബായ രജപക്സേയുടേയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ജനങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മഹിന്ദ രജപക്സേ മുന്നോട്ടുവന്നത്. സഖ്യകക്ഷികള്‍ പോലും വിട്ടുപോകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതേസമയം, രാജ്യത്ത് അവശ്യവസ്തുക്കളുടെ വിതരണത്തിനായി 300 കോടി ഡോളറിന്റെ സഹായമാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.

Top