ഷിബിലക്ക് ഇനി ബിനീഷ്‌കൂട്ട്; നാടിന്റെ സ്‌നേഹവായ്പില്‍ മാംഗല്യമൊരുക്കി മഹിളാസമഖ്യ

നിലമ്പൂര്‍ : അനാഥത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും കണ്ണീരുമായി മഹിളാ സമഖ്യയുടെ ശിക്ഷണ്‍ കേന്ദ്രത്തിലെത്തിയ ഷിബില ഇന്നലെ പുതുമണവാട്ടിയായി നിറഞ്ഞ ചിരിയുമായാണ് ബി.ആര്‍.സി ഹാളിലൊരുക്കിയ കതിര്‍മണ്ഡപത്തിലെത്തിയത്. താനാളൂര്‍ ചാത്തന്‍ചിറക്കല്‍ ബിനീഷ്‌ താലികെട്ടി ജീവിതസഖിയാക്കിയപ്പോള്‍ മഹിളാസമഖ്യപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും അത് നിര്‍വൃതിയുടെ നിമിഷങ്ങളായി.

വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ആറാം വയസിലാണ് അനാഥത്വവും പേറി ഷിബില മഹിളാ സമഖ്യയുടെ നിലമ്പൂരിലെ ശിക്ഷണ്‍ കേന്ദ്രത്തിലെത്തിയത്. അന്നു മുതല്‍ ഷിബിലയുടെ വീടും വീട്ടുകാരുമെല്ലാം ഇവിടെയുള്ളവരായിരുന്നു. പ്ലസ്ടു പഠനവും പൂര്‍ത്തിയായി 19ാം വയസെത്തിയപ്പോഴാണ് മഹിളാസമഖ്യക്കാര്‍ വിവാഹകാര്യവും ആലോചിച്ചത്.

Shibila-Bineesh

തിരൂരില്‍ വര്‍ക്കഷോപ്പ് ജീവനക്കാരനായ ബിനീഷ് വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചതോടെ വീട്ടുകാരായി മഹിളാ സമഖ്യക്കാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. സുമനസുകളായ ഒട്ടേറെപ്പേരാണ്‌ സഹായവുമായെത്തിയത്. സ്വര്‍ണവും വസ്ത്രങ്ങളുമെല്ലാം അവരൊത്തുചേര്‍ന്നു നല്‍കി. ലോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ് ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ആന്റ് എന്‍വയോണ്‍മെന്റ് മിഷന്‍, നിലമ്പൂരിലെ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകരെല്ലാം സഹായവുമായെത്തി. ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ആര്‍. മിനി, തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍മാര്‍ എന്നിവരും പിന്തുണയുമായെത്തി.

മഹിള സമഖ്യ സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ പി.യു ഉഷ, ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം.റജീന എന്നിവരായിരുന്നു കാരണവത്തിമാരായി ഓടിനടന്നത്. പി.വി അബ്ദുല്‍വഹാബ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ഹ്യമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ആന്റ് എന്‍വയോണ്‍മെന്റ് മിഷന്‍ ദേശീയ ചെയര്‍മാന്‍ ഐസക്ക്, ഡി.വൈ.എസ്.പി സന്തോഷ്, ഇസ്ഹാഖ് അടുക്കത്ത്, സലീം വടപുറം, റഹീം അടക്കമുള്ളവരും ആശംസകളുമായെത്തി. വിവാഹച്ചടങ്ങിനെത്തിയ അഞ്ഞൂറോളം പേര്‍ക്ക് ഭക്ഷണവും ജനകീയ കൂട്ടായ്മയില്‍ ഒരുക്കിയിരുന്നു.

Top