പൊലീസ് ജോജു പക്ഷത്തെന്ന്; മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ അണിനിരന്നത് 200 പ്രവര്‍ത്തകര്‍

കൊച്ചി: എറണാകുളം മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി മഹിളാ കോണ്‍ഗ്രസ്. നടന്‍ ജോജു ജോര്‍ജിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ചാണ് മാര്‍ച്ച്.

പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സ്റ്റേഷനു മുന്നില്‍ വച്ച് പൊലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു.

200ഓളം മഹിളാ കോണ്‍ഗ്രസ് പ്രവത്തകര്‍ പ്രതിഷേധത്തിനെത്തിയിരുന്നു. ജോജു ജോര്‍ജിനെതിരെ കേസെടുക്കാതെ പിന്മാറില്ലെന്ന് മഹിളാ കോണ്‍ഗ്രസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ പരാതി.

എന്നാല്‍, പ്രാഥമികാന്വേഷണത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇത് പൊലീസിന്റെ ഏകപക്ഷീയമായ നടപടിയാണെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു. ഇനിയും നടപടി ഉണ്ടായില്ലെങ്കില്‍ സിറ്റി പൊലീസ് കമ്മീഷണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം, ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്നാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധിപറയുക.

Top