മുത്തലാഖ് നിയമം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ റദ്ദാക്കും: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ

ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന വാഗ്ദാനവുമായി മഹിളാ കോൺഗ്രസ് അധ്യക്ഷയും എം.പിയുമായ സുഷ്മിത ദേവ്. ഡൽഹിയിൽ എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച പരിപാടിയിലാണ് എം.പിയുടെ പ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

‘മുത്തലാഖ് നിയമം വന്നതോടെ സ്ത്രീശാക്തീകരണം നടക്കുമെന്നാണ് പലരും പറയുന്നത്. എന്നാൽ ഈ നിയമം മുസ്ലീം പുരുഷന്മാരെ ജയിലിടയ്ക്കാനുള്ള നരേന്ദ്രമോദിയുടെ ആയുധമാണ്. കോൺഗ്രസ് മാത്രമാണ് ഈ നിയമത്തെ എതിർത്തത്. 2019-ൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഈ നിയമം റദ്ദാക്കുമെന്ന് ഞാൻ നിങ്ങൾക്ക് വാക്കുതരുന്നു’- സുഷ്മിത ദേവ് പറഞ്ഞു.

അതേസമയം സുഷ്മിത ദേവിനെതിരെ പ്രതികരണവുമായി ബി.ജെ.പി രംഗത്തെത്തി. സേുഷ്മിത ദേവിന്റേത് എന്ത് മാനസികാവസ്ഥയാണെന്നും ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്നും ബി.ജെ.പി. വക്താവ് സംബിത് പത്ര പ്രതികരിച്ചു. മുസ്ലീം സമൂഹത്തിലെ സ്ത്രീകളും രാജ്യത്തെ ജനങ്ങളും കോൺഗ്രസിനോട് പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന കോൺഗ്രസ് നേതാക്കളാരും സംഭവത്തിൽ പ്രതികരണം നടത്തിയിട്ടില്ല.

Top