മതവികാരം വൃണപ്പെടുത്തി; എംജി സര്‍വ്വകലാശാല ഡിഗ്രീ പാഠപുസ്തകത്തിനെതിരെ പരാതി

കോട്ടയം: മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ബിഎ ഒന്നാം സെമസ്റ്റര്‍ മലയാളം പുസ്തകത്തില്‍ മതവികാരം വൃണപ്പെടുത്തുന്ന ഭാഗമുണ്ടെന്ന് ആക്ഷേപം. പാഠഭാഗം ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹിളാകോണ്‍ഗ്രസ് രംഗത്തുവന്നു. സംഭവം വിശദമായി പരിശോധിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. സര്‍വ്വകലാശാല രണ്ട് വര്‍ഷം മുന്‍പിറക്കിയ പാഠപുസ്തകത്തിനെതിരെയാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

പാഠപുസ്തകത്തിലെ കഥാപരിചയം എന്ന ഭാഗത്തിനെതിരെയാണ് പരാതി. പുസ്തകത്തിലെ പതിനൊന്നാമത്തെ കഥയായ പ്രണയോപനിഷത്ത് ആണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. ക്രൈസ്തവ വികാരം വൃണപ്പെടുത്ത ഈ പാഠഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകാരമില്ലാതെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. പാഠഭാഗം പിന്‍വലിച്ച് സര്‍വ്വകലാശാല മാപ്പ് പറയണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം.

അതേസമയം എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളാനാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് സര്‍വ്വകലാശാല വിശദീകരിച്ചു. മതവികാരം വൃണപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും വൈസ് ചാന്‍സിലറുടെ ചുമതല വഹിക്കുന്ന ഡോ.സാബു തോമസ് അറിയിച്ചു.

Top