മാഹി സ്വദേശിയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു; ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് ഗുരുതരമായ മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയിരുന്നു എന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ.

വൈറസ് ബാധ കണ്ടെത്തുമ്പോള്‍ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹം. ഏപ്രില്‍ 1 ആസ്റ്റര്‍ മിംസ്ല്‍ വെച്ച് സാമ്പിള്‍ എടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞതെന്നും മന്ത്രി പറഞ്ഞു.മാഹിയിലേയും കേരളത്തിലേയും ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളുടെ സമ്പര്‍ക്ക പട്ടിക പെട്ടെന്നുതന്നെ തയ്യാറാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ മാഹിയിലാണുള്ളത്. അവരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ചികിത്സ തേടി എന്നതിനപ്പുറം മാഹി സ്വദേശിയാണ് മെഹറൂഫ്. അതുകൊണ്ട് തന്നെ മരണം എങ്ങനെ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഇനിയും എടുക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ചികിത്സ വൈകി എന്ന് പറയുന്നത് ശരിയല്ല.കേരളത്തില്‍ ഇയാള്‍ ചികിത്സക്ക് വന്നതിന് ശേഷം കൃത്യമായ സമയത്ത് തന്നെ ചികിത്സ ലഭിച്ചിട്ടുണ്ട്. അഡ്മിറ്റ് ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലേയും പരയാരത്തേയും ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തുകയും വേണ്ട നടപടികളെടുക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Top