‘എസ്എസ്എംബി 29 ‘ എന്ന താല്‍കാലിക പേരിട്ടിരിക്കുന്ന രാജമൗലി ചിത്രത്തില്‍ മഹേഷ് ബാബു നായകനാവുന്നു

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു എസ് എസ് രാജമൗലിയുടെ ചിത്രത്തില്‍ നായകനാകുന്നു. ‘ എസ്എസ്എംബി 29 ‘ എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ തയ്യാറെടുപ്പുകള്‍ക്കായി താരം ജര്‍മനിയിലേയ്ക്ക് യാത്ര തിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ വിഎഫ്എക്‌സ് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുകയാണ് യാത്രയുടെ ലക്ഷ്യം. എസ്എസ്എംബി 29ലെ മഹേഷിന്റെ ലുക്കുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍. രാജമൗലി ചിത്രത്തില്‍ മഹേഷ് ബാബുവിന് വിഎഫ്എക്‌സ് പിന്തുണ ആവശ്യമായ ഒന്നിലധികം ഗെറ്റപ്പ് ചേഞ്ചുകള്‍ ഉണ്ടാകും. അഡ്വഞ്ചര്‍ ഡ്രാമ ജോണറിലാണ് എസ്എസ്എംബി 29 ഒരുങ്ങുന്നത്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് എസ്എസ്എംബി 29ന് തിരക്കഥ ഒരുക്കുന്നത്. ജനുവരി അവസാനത്തോടെ എഴുത്ത് പൂര്‍ത്തിയാകും. ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും എസ്എസ്എംബി 29ന്റെ തിയേറ്റര്‍ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

രണ്ടാം ഭാഗത്തിന് സാധ്യത നിലനിര്‍ത്തി ‘ഓപ്പണ്‍ എന്‍ഡിങ്’ ആകും ചിത്രത്തിനെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. കെ എല്‍ നാരായണ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് ആയിരം കോടിയാണ്. വിദേശ താരങ്ങളും സിനിമയുടെ ഭാഗമാണെന്നാണ് വിവരം. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആലിയ ഭട്ട് നായികയാകും എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

Top