ധോണി വൈകാതെ ഏകദിനത്തില്‍ നിന്ന് വിരമിക്കും: പരിശീലകന്‍ രവിശാസ്ത്രി

പൂനെ: മഹേന്ദ്ര സിംങ് ധോണി വൈകാതെ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് ഇന്ത്യന്‍ ടീം മുഖ്യപരിശീലകന്‍ രവിശാസ്ത്രി. അതേസമയം, ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ധോണിയെ ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി.

ധോണിയുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത് പോലെ ഏകദിനത്തില്‍ നിന്നും ഉടന്‍ വിരമിക്കുമെന്നും എന്നാല്‍ ഉറപ്പായും ഇന്ത്യന്‍പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്നും ശാസ്ത്രി പറഞ്ഞു. ടീമിലേക്ക് മടങ്ങിവരണമെന്നതിനായി ധോണി ഒന്നും ചെയ്യില്ല.

അതും ദീര്‍ഘമായ ഇടവേളക്ക് ശേഷമാണ് ധോണി കളിക്കുക. അതുകൊണ്ടുതന്നെ ഐ.പി.എല്ലിലെ പ്രകടനം നിര്‍ണ്ണായകമായിരിക്കും. അങ്ങനെയെങ്കില്‍ ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്കൊപ്പം ധോണിയും ലോകകപ്പ് ടീമിലേക്കുള്ള ടിക്കറ്റിനായി രംഗത്തുണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു.

പരിചയസമ്പത്ത് കണക്കിലെടുത്താല്‍ പകരംവെക്കാനില്ലാത്ത താരമാണ് ധോണി. 350 ഏകദിനങ്ങളിലും 90 ടെസ്റ്റിലും 98 ടി20 കളിലും ധോണി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. 829 പേരെയാണ് ധോണി വിക്കറ്റിനു പിന്നില്‍ നിന്നുകൊണ്ട് പുറത്താക്കിയത്. 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴിലാണ് ഇന്ത്യ നേടിയത്. എങ്കിലും കഴിഞ്ഞ ജൂലൈയില്‍ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്റിനെതിരായ തോല്‍വിക്ക് ശേഷം ധോണി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല. ഇതാണ് വിരമിക്കല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കാന്‍ കാരണമായത്.

Top