ചരിത്രനേട്ടത്തിന് ശേഷം മനസ് തുറന്ന് റിഷഭ് പന്ത്; ധോണിയെപ്പറ്റി പറഞ്ഞത് ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ 11 ക്യാച്ചുകള്‍ നേടിയ റിഷഭ് പന്ത് ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ്ക്കീപ്പറെന്ന നേട്ടത്തില്‍ മുന്‍ഇംഗ്ലണ്ട് താരം ജാക്ക് റസ്സല്‍, മുന്‍ സൗത്താഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പമെത്തി.

മത്സരശേഷം ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ എം.എസ് ധോണി തന്റെ കരിയറില്‍ വരുത്തിയ സ്വാധീനത്തെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് റിഷഭ് പന്ത്.’ധോണി രാജ്യത്തിന്റെ ഹീറോയാണ്. ഒരു വ്യക്തിയെന്ന നിലയിലും ഒരു ക്രിക്കറ്റര്‍ എന്ന നിലയിലും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ധോണിയില്‍ നിന്നും പഠിച്ചിട്ടുണ്ട്. ധോണി അടുത്തുണ്ടെങ്കില്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നാറുണ്ട്. എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ അത് ധോണിയുമായി പങ്ക് വെയ്ക്കും അതിനുള്ള പരിഹാരം അദേഹം അപ്പോള്‍ തന്നെ കാണുകയും ചെയ്യും. ഒരു വിക്കറ്റ്കീപ്പര്‍ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും ക്ഷമ പാലിക്കാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. ‘ ഒരു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പന്ത് പറഞ്ഞു.

Top