ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണം; മഹേള ജയവര്‍ധനെയേയും ചോദ്യം ചെയ്തു

കൊളംബോ: 2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനെയേയും ചോദ്യം ചെയ്തു.വെള്ളിയാഴ്ച കൊളംബോയിലെ സുഗദാദസ സ്റ്റേഡിയത്തിലെ ശ്രീലങ്കന്‍ കായിക മന്ത്രാലയം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലാണ് മഹേളയെ ചോദ്യം ചെയ്തത്. താരത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരേ സെഞ്ചുറി നേടിയ താരമാണ് മഹേള.

2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നുള്ള കാര്യം പുറത്തുവിട്ടത് മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജാണ്. ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ആരോപണത്തില്‍ മിദനാന്ദയുടെ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ആരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന അരവിന്ദ ഡിസില്‍വ, ലങ്കന്‍ താരം ഉപുള്‍ തരംഗ, മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര എന്നിവരെ ചോദ്യം ചെയ്തിരുന്നു.

Top